തിരുവനന്തപുരം: കോവളത്ത് അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കോവളം ഭാഗത്ത് അജ്ഞാത ഡ്രോണ്‍ കാണപ്പെട്ടത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി നോക്കുകയായിരുന്ന പോലീസ് സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തുടർന്ന് വിഎസ്എസ് സി, വിമാനത്താവള അധികൃതർക്ക് പോലീസ് വിവരം കൈമാറുകയായിരുന്നു. കൊച്ചുവേളി ഭാഗത്തും ഡ്രോണ്‍ കണ്ടുവെന്ന് പ്രദേശവാസികൾ വിഎസ്എസ് സി അധികൃതരെ ഉൾപ്പെടെ അറിയിച്ചു. ഇതേത്തുടർന്ന് എയർഫോഴ്സ്, വിഎസ്എസ് സി, വിമാനത്താവളം എന്നിവിടങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
വിവാഹ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെക്കാൾ വലിയ ഡ്രോണാണ് കണ്ടതെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആളില്ലാത്ത , വിദൂര നിയന്ത്രിത വിമാനങ്ങളെയാണ് ഡ്രോണ്‍ എന്ന് വിളിയ്ക്കുന്നത്. റിമോട്ട് കണ്ട്രോൾ സംവിധാനം ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏത് സ്ഥലത്തിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ ഉപയോഗിക്കുന്നതാണ് ഡ്രോണുകൾ. കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് തന്ത്രപ്രധാന കേന്ദ്രങ്ങളിലൂടെ ഡ്രോണ്‍ കടന്ന് പോയത് കേന്ദ്ര ഏജൻസികളും രഹസ്യാന്വേഷണ വിഭാഗവും കേരള പോലീസും അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
സാധാരണ ഡ്രോണുകൾ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് 500 മീറ്റർ അകലത്തിൽ നിന്നും മാത്രമെ നിയന്ത്രിക്കാനാകുകയുള്ളു. എന്നാൽ വാഹനത്തിൽ യാത്ര ചെയ്യുന്ന ആരെങ്കിലും ഡ്രോണിനെ നിയന്ത്രിച്ചിരുന്നുവോയെന്നും പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.
ഡ്രോണ്‍ എത്തിയ സാഹചര്യത്തെക്കുറിച്ച് വിശദമായ രീതിയിൽ എയർഫോഴ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം മോക്ഡ്രില്ലിന്റെ ഭാഗമായാണോ ഡ്രോണ്‍ പറപ്പിച്ചതെന്നും സംശയം ഉയരുന്നുണ്ട്. ഇതിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.