തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഡ്രോണ്‍. അതീവ സുരക്ഷാമേഖലയായ ശ്രീപത്മനാഭസ്വാമിക്ഷേത്ര സമീപത്താണ് ഡ്രോണ്‍ കാണപ്പെട്ടത്. ഇന്ന് പുലർച്ചെ നാലിന് പത്മതീർത്ഥകുളത്തിന് മുകളിലെ ആകാശത്താണ് ഡ്രോണ്‍ കണ്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോണ്‍ കണ്ടത്. ഇത് ചാക്ക ഭാഗത്തേക്ക് പോയെന്നാണ് നിഗമനം. പിന്നീട് ഡ്രോണിനെ കാണാൻ സാധിച്ചില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
പത്മനാഭസ്വാമിക്ഷേത്ര സുരക്ഷാ പോലീസിന്റെ കണ്ട്രോൾ റൂമിൽ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഡ്രോണിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മാസം മുൻപ് കോവളം ഭാഗത്ത് ഡ്രോണ്‍ കാണപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
കൂടാതെ പോലീസ് ആസ്ഥാനം, വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണിന്റെ സാന്നിധ്യം ആശങ്ക പരത്തിയിരുന്നു. ഡ്രോണ്‍ മുഖേന തീവ്രവാദികൾ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന ഇന്റലിജൻസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
തീരപ്രദേശങ്ങളും തന്ത്ര പ്രധാന മേഖലകളിലും ജാഗ്രത പാലിക്കണമെന്നും പ്രത്യേകം നിരീക്ഷണം നടത്തണമെന്നും പോലീസിനും ഇന്റലിജൻസിനും കേന്ദ്ര ഇന്റലിജൻസ് നിർദേശം നൽകിയിരുന്നു.