ബാങ്കിടപാടുകള്‍ ദിവസവും എളുപ്പമായി എളുപ്പമായി വരികയാണ്. നേരിട്ട് ബാങ്കില്‍ പോവാതെ എടിഎം വഴി കാശ് എടുക്കുന്ന സംരഭം വന്‍ വിപ്ലവം തന്നെയായിരുന്നു. എന്നാല്‍ ഇതിലും വലിയ മുന്നേറ്റമാണ് ഈ മേഖലയില്‍ ഉണ്ടാവാന്‍ പോവുന്നതത്രേ. അതായത്, നൂതന സാങ്കേതിക വിദ്യയുടെ കാലത്ത് പണം എത്തിക്കുന്നതിനും ബാങ്കുകള്‍ ന്യൂജെന്‍ ആകുന്നു. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സൈബര്‍ബാങ്കാണ് ഇത്തരത്തില്‍ പരീക്ഷണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പണം പിന്‍വലിക്കുന്നതിന് ബാങ്കിലോ എടിഎമ്മിലേക്കോ പോകണ്ടകാര്യമില്ലെന്നതാണ് ഇവരുടെ അവകാശവാദം. ഡ്രോണുകള്‍ ഉപയോഗിച്ച് പണം നിക്ഷേപകര്‍ക്കെത്തിക്കുക എന്നതാണ് പുതിയ പദ്ധതി.
എടിഎം ആക്രമണത്തിന്റെ കാലത്ത് അതില്‍ നിന്നും രക്ഷനേടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സാധാരണ രീതികളില്‍ നിന്നും മാറി പണം നല്‍കുന്നതിന് മറ്റ് രീതികള്‍ അവലംബിക്കുമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്റ്റാനിസ്ലാവ് കുഷ്നേവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച കാര്യം അദ്ദേഹം വിശദമാക്കിയത്. ബ്രാഞ്ചില്‍ നിന്നും നിശ്ചിത കിലോമീറ്റര്‍ ദൂരത്തേക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. ഇതിലൂടെ പണം മാത്രമല്ല മറ്റ് പേപ്പറുകളും കൈമാറുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ നിമിഷങ്ങള്‍കൊണ്ട് എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ ചെറു ഡ്രോണുകള്‍ ഇത്തരത്തില്‍ ദൂരസഞ്ചാരത്തിന് യോഗ്യമായതല്ല എന്നത് ഇതിന്റെ സാധ്യതകളെ കുറയ്ക്കുന്നുമുണ്ട്.