മുണ്ടക്കയം: വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ കേരളത്തിലെ റബർ എസ്റ്റേറ്റ് മേഖലയിലേക്കും എത്തുന്നു. ഒരുകാലത്ത് റബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഹെലികോപ്റ്ററുകൾ ചെയ്തിരുന്നത് ഇന്ന് ഡ്രോണുകൾ ഏറ്റെടുത്തു കഴിഞ്ഞു.
മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടക്കുന്നത്. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും ചെലവും കുറവ് വരുന്നതുമാണ് ഡ്രോണുകൾ ഇതിന് ഉപയോഗിക്കാൻ കാരണം.
കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് തുരിശടി നടത്തുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിൽ 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്ന് തളിക്കാൻ സാധിക്കും.
കഴിഞ്ഞ നാലു ദിവസമായി മുണ്ടക്കയം വെള്ളനാടി ഒന്നാം ഡിവിഷനിൽ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് പ്രയോഗം നടക്കുന്നുണ്ട്. തൊഴിലാളികൾ ആഴ്ചകളെടുത്ത് ചെയ്യേണ്ട ജോലിയാണ് വളരെ വേഗത്തിൽ ഡ്രോൺ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്നത്.
ഇത്തരം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള കാർഷിക രീതികൾ വരും കാലഘട്ടത്തിൽ ഈ മേഖലയ്ക്ക് പുത്തനുണർവാകും സമ്മാനിക്കുക.