ആലുവ: പോലീസ് സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ലെന്ന് വിവരാവകാശ മറുപടി. പൊതുപ്രവർത്തകൻ കെ.ടി. രാഹുലിന് ലഭിച്ച മറുപടിയിലാണ് കാമറകൾ ദൃശ്യങ്ങൾ പകർത്തുന്നില്ലെന്ന വിവരം ടെലി കമ്യൂണിക്കേഷൻ വിഭാഗം അറിയിച്ചിരിക്കുന്നത്.
നിലവിൽ ട്രയൽ റൺ നടന്നുകൊണ്ടിരിക്കുന്നതിനാൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്നില്ലെന്നാണ് വിശദീകരണം. എന്നാൽ പോലീസ് സ്റ്റേഷനുകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ദൈനംദിന പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിരിക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.