സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സൗത്ത് ഏഷ്യൻ ഡ്രോപ്പ് റോബോൾ ചാന്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ സഹോദരങ്ങൾ നാടിന് അഭിമാനങ്ങളായി. നേപ്പാളിൽ ഇക്കഴിഞ്ഞ ഒന്പതു മുതൽ 12 വരെ അരങ്ങേറിയ മത്സരത്തിൽ ഇൻഡ്യൻ ടീമിലെ അംഗങ്ങളായിരുന്ന എസ്. എം അവന്തിക വെള്ളിയും എസ്.എം അശ്വിൻ വെങ്കലവുമാണ് കരസ്ഥമാക്കിയത്. രാജ്യത്തിനായി മെഡൽ നേടി തിരിച്ചെത്തിയ താരങ്ങളെ സ്വീകരിക്കാൻ രക്ഷിതാക്കളും അധ്യാപകരും മാത്രം.
നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ അവന്തികയും അരുമാനൂർ എംവി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അശ്വിനും ഡ്രോപ്പ് റോബോളിൽ പരിശീലനം തുടങ്ങിയിട്ട് ഒരു വർഷമേയായുള്ളൂ. പക്ഷെ, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇരുവർക്കും സാധിച്ചു.
ചണ്ഡീഗഡിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പിലും ഇവർ തിളങ്ങി. കഐസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ നെയ്യാറ്റിൻകര ഫോർട്ട് പൊറ്റവിള വീട്ടിലെ ജി.എം സുഗുണന്റെയും പേട്ട ഹോർട്ടികോർപ്പിലെ ജീവനക്കാരി എസ്. മായയുടെയും മക്കളാണ് ഇരുവരും. സഹോദരി എസ്.എം ഐശ്വര്യ നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്എസ്എസ്സിലെ വിദ്യാർഥിനിയാണ്. ആറാം ക്ലാസ്സുകാരിയായ ഐശ്വര്യയും ഡ്രോപ്പ് റോബോൾ പരിശീലിക്കുന്നുണ്ട്.
ഡ്രോപ്പ് റോബോൾ കേരള ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന കോച്ചുമായ പ്രേംകുമാറാണ് ഈ കുട്ടികളുടെ മുഖ്യപരിശീലകൻ. കേരള ടീമിന്റെ മാനേജറും പുതിച്ചൽ ഗവ. യുപിഎസ്സിലെ അധ്യാപകനും ഫെഡറേഷൻ ജില്ലാ സെക്രട്ടറിയുമായ രവീന്ദ്രൻ, നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കായികാധ്യാപിക സിന്ധു എന്നിവരും പരിശീലനം നൽകുന്നു.
സൗത്ത് ഏഷ്യൻ ഡ്രോപ്പ് റോബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നും ഏഴു പേർക്ക് ഇൻഡ്യൻ ടീമിൽ ഇടം ലഭിച്ചു. എന്നാൽ, നേപ്പാളിലേയ്ക്കുള്ള യാത്രയ്ക്കു തൊട്ടുമുന്പായി ഒരാൾ രോഗബാധിതനായതിനെത്തുടർന്ന് ആറംഗങ്ങളുമായാണ് കോച്ചും മാനേജറും പോയത്. ഈ താരങ്ങളെല്ലാം മെഡൽ നേട്ടത്തിന് അർഹരായിയെന്നത് ശ്രദ്ധേയം.
അൻസിൽ നിസാം സ്വർണ്ണവും ഡബ്ൾസിൽ ഗൗരിശങ്കർ വെള്ളിയും പെണ്കുട്ടികളുടെ ട്രിപ്പിൾസിൽ അവന്തിക ഗായത്രി, സ്നേഹ. വി.ജി എന്നിവർ വെള്ളിയും അശ്വിൻ വെങ്കലവും നേടി. സ്പോർട്സ് കൗണ്സിലിന്റെ യാതൊരു പരിഗണനയുമില്ലാതെയാണ് ഈ താരങ്ങൾ രാജ്യത്തിനായി കളിക്കാൻ അയൽനാട്ടിൽ പോയത്. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംഗങ്ങളാണ് പലരും.
നാട്ടിലെ അഭ്യുദയകാംക്ഷികളായ സുമനസ്സുകളുടെ സഹായമാണ് ഇവർക്ക് യാത്രാച്ചെലവിനും മറ്റും തുണയായത്. ഡ്രോപ്പ് റോബോൾ കേരള ഫെഡറേഷന് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇൻഡ്യ (എസ്ജിഎഫ്ഐ) യിൽ രജിസ്ട്രേഷനും ഡ്രോപ്പ് റോബോൾ ഫെഡറേഷൻ ഓഫ് ഇൻഡ്യയിൽ അഫിലിയേഷനുമുണ്ടെങ്കിലും സംസ്ഥാനത്ത് ഈ കായികയിനത്തിന് മതിയായ അംഗീകാരം അധികൃതരുടെ ഭാഗത്തു നിന്നും നൽകിയിട്ടില്ലായെന്നതാണ് വാസ്തവം.
നാട്ടിൽ തിരിച്ചെത്തിയ താരങ്ങളെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കളും അധ്യാപകരും മാത്രമേയുണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിച്ചേർന്ന അശ്വിനേയും അവന്തികയേയും രക്ഷിതാക്കളും നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ശശികല, അധ്യാപിക സിന്ധു, പൊതുപ്രവർത്തകരായ പുഞ്ചക്കരി സുരേന്ദ്രൻ, അഡ്വ. മുഹിനുദ്ദീൻ, അഡ്വ. കെ. വിനോദ്സെൻ എന്നിവരും ചേർന്ന് സ്വീകരിച്ചു.