സംസ്ഥാനത്ത് വേനല്‍ ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ചൂട് ഉയരാന്‍ സാധ്യതയുണ്ട്. സൂര്യാഘാതം നില്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.
പാലക്കാട് ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന താപനില ഇപ്പോള്‍ 40 ഡിഗ്രി സെല്‍ഷ്യസാണ്. അധികം വൈകാതെ തന്നെ കേരളത്തിലേക്ക് കൊടും വരള്‍ച്ച എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സൂര്യാതപം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അടുത്തിടെയൊന്നും വേനല്‍ മഴ പെയ്യാനും സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. രാവിലെ പതിനൊന്ന് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള സമയത്ത് വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ദുരന്ത നിവാരണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ദാഹജലം കയ്യില്‍ കരുതണമെന്നും ഏജന്‍സി പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് സൂര്യാഘാതത്തിന് പുറമേ ചിക്കന്‍പോക്സ്, കോളറ, ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.