തിരുവനന്തപുരം: കോവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളിൽ ഡ്രോണ്‍ പറത്തിയ സംഭവം തീരദേശ റെയിൽവെ സർവേയ്ക്ക് വേണ്ടിയെന്ന് സ്ഥിരീകരിച്ചു. തീരദേശ റെയിൽവെ പദ്ധതിയുടെ ആലോചനയ്ക്കും സർവേയ്ക്കുമായി ഒരു ഏജൻസിയിലെ ചില ജീവനക്കാർ കോവളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുറിയെടുത്ത് താമസിച്ചിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ഹൈദ്രാബാദ്, തമിഴ്നാട് സ്വദേശികളായ ജീവനക്കാരാണ് ഡ്രോണ്‍ പറത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഏജൻസിയുമായി ബന്ധപ്പെട്ട പോലീസ് സംഘം ജീവനക്കാരെ തിരുവനന്തപുരത്തെത്താൻ നിർദേശം നൽകി. ഹൈദ്രാബാദ് സ്വദേശിയായ ജീവനക്കാരനാണ് ഡ്രോണ്‍ പറത്തിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിലെ നിജസ്ഥിതി തെളിയുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേമം ഭാഗത്ത് ഡ്രോണ്‍ പറപ്പിക്കവെ നിയന്ത്രണം വിട്ട് കോവളം ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോയെന്നാണ് ഏജൻസി വൃത്തങ്ങൾ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
പുലർച്ചെ ഒരു മണിക്ക് ഡ്രോണ്‍ പറത്തേണ്ടതിന്റെ ആവശ്യകതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡ്രോണ്‍ പറത്തുന്നതിന് പോലീസിന്റെ അനുമതി സർവേക്ക് നിയോഗിച്ചിരുന്നവർ തേടിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. അതേ സമയം തന്ത്രപ്രധാന കേന്ദ്രങ്ങളിലൂടെ ഡ്രോണ്‍ പറത്തിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നൽകിയിരിക്കുന്നത്.