തൃശൂർ: സിവിൽ സർവീസിലെ നല്ല പദവി വേണ്ടെന്ന് വെച്ചാണ് ഡോ.സരിൻ രാഷ്ട്രീയക്കളരിയിലേക്ക് അങ്കം വെട്ടിനിറങ്ങിയത്. കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയാണ് നിലവിൽ ഡോ.പി സരിൻ വഹിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിക്ക് പകരക്കാരനായാണ് ഡോ. സരിന്റെ നിയമനം. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്റണി രാജിവച്ചതിനെ തുടർന്നാണ് സരിൻ നിയമിതനായത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോ.സരിൻ 2008ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതി കേന്ദ്ര സർക്കാർ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയ സരിൻ ഇന്ത്യൻ അക്കൗണ്ടസ് ഓഡിറ്റ് സർവീസിൽ ജോലി ചെയ്യവെ 2016ലാണ് ജോലിയിൽ നിന്നും രാജിവച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്.
തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷം നാലു വർഷം കർണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ പദവിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐടി സെല്ലിലും സരിൻ പ്രവർത്തിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.
വർഷങ്ങൾക്കൊടുവിൽ ചിന്തിച്ചെടുത്ത തീരുമാനമാണ് സിവിൽ സർവീസിൽ നിന്നുള്ള പടിയിറക്കമെന്ന് സരിൻ പറഞ്ഞിട്ടുണ്ട്. സിവിൽ സർവീസിൽ നിന്ന് രാജിവയ്ക്കുന്നത് മണ്ടത്തമാണെന്ന് അന്ന് പലരും പറഞ്ഞെങ്കിലും ഭർത്താവിന്റെ തീരുമാനത്തിന് സർവ പിന്തുണയുമായി ഭാര്യ ഡോ.സൗമ്യ കൂടെ നിന്നു. എന്തുകൊണ്ട് കോണ്‍ഗ്രസ് തെരഞ്ഞെടുത്തു എന്ന് സരിനോട് ഒരിക്കൽ ചോദിച്ചപ്പോൾ രാജ്യത്തിന് ഇന്ന് ആവശ്യം കോണ്‍ഗ്രസാണെന്നായിരുന്നു അന്ന് സരിന്റെ മറുപടി. ആ സരിനാണ് ഇപ്പോൾ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടയുന്നത്.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി. സരിൻ. പാർട്ടി അവഗണിച്ചെന്ന് സരിൻ പ്രഖ്യാപിച്ചതോടെ പാലക്കാട് കോണ്‍ഗ്രസിൽ പൊട്ടിത്തെറി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കാത്തതിൽ സരിൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിനെതിരേ പാലക്കാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോണ്‍ഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി. സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി. സരിൻ, വി.ടി. ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം പരിഗണിച്ചിരുന്നത്. ഷാഫി പറന്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ചു ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഡോ. പി. സരിനോ വി.ടി. ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥി പ്രഖ്യാപനം.
സരിൻ തന്റെ സ്ഥാനമാനങ്ങൾ രാജിവയ്ക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നാണ് സരിന്റെ ആരോപണം. സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. മറ്റേതങ്കിലും പാർട്ടിയിലേക്ക് സരിൻ ചേക്കേറുമോ എന്നും രാഷ്ട്രീയകേരളം നോക്കിയിരിക്കുന്നു.
സ്വന്തം ലേഖകൻ