സ്വന്തം ലേഖകൻ
കൊല്ലം: ചവറ സ്വദേശി ഡോ. ഷീലാ പ്രിൻസിന് ദുബായ് രാജാവിന്റെ ഗോൾഡൻ വിസ അംഗീകാരം. ഈ വർഷം ഈ ആദരവ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയും ആദ്യ മലയാളിയുമാണ്.
ഈ നേട്ടം കൊല്ലത്തിനെയും ചവറയെയും സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം പകരുന്ന ഒന്നാണ്. തങ്കലിപികളാൽ എഴുതിയ ചരിത്ര നേട്ടം എന്നുതന്നെ വിശേഷിപ്പിക്കാം.
ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ജനറൽ സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി.
പിന്നീട് തിരുവനന്തപുരം പേരൂർക്കട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും സേവനം അനുഷ്ഠിച്ചു. അതിനുശേഷമാണ് ദുബായ് സർക്കാരിന്റെ റഷീദ ആശുപത്രിയിൽ സേവനം തുടങ്ങിയത്.
ഇപ്പോൾ അവിടെതന്നെ സുലേഖ ആശുപത്രിയിൽ ലാപ്പറോസ്കോപ്പിക് സർജനാണ്. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിവിധ ഫെലോഷിപ്പുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ എഡിൻബറോ റോയൽ കോളജ് ഒഫ് സർജൻസിലും അമേരിക്കൻ സൊസൈറ്റി ഒഫ് ബ്രസ്റ്റ് സർജൻസിലും അംഗത്വമുണ്ട്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക് തുടങ്ങിയ ഭാഷകളിൽ മികച്ച പ്രാവീണ്യമുള്ള ഡോ.ഷീല അന്താരാഷ്ട്ര രംഗത്തെ പ്രമുഖ മെഡിക്കൽ ജേർണലുകളിൽ അടക്കം നിരവധി ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ചവറ പത്തിശേരിൽ വീട്ടിൽ എൻ.രാമചന്ദ്രന്റെയും സുപ്രഭയുടെയും മൂത്തമകളാണ്. ഷേർളി, ഷീജ എന്നിവർ സഹോദരങ്ങൾ.
ക്ലാപ്പന ആലുംപീടിക തലക്കിത്തറയിൽ വീട്ടിൽ അഡ്വ.പ്രിൻസ് ആണ് ഭർത്താവ്. മെഡിക്കൽ വിദ്യാർഥി ഗൗഥം പ്രിൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനീയറിംഗ് വിദ്യാർഥി മൃണാൽ പ്രിൻസ് എന്നിവരാണ് മക്കൾ.