തൃശൂർ: സ്വകാര്യ ക്ലിനിക്കിൽ കൊറോണ ലക്ഷണങ്ങളോടെ എത്തിയയാൾ നാടുവിട്ടതായി ആരോപണമുന്നയിച്ച വനിതാ ഡോക്ടറെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
തളിക്കുളത്തെ ക്ലിനിക്കിലെ ഡോക്ടറായ ഷിനു ശ്യാമളനെയാണ് പിരിച്ചുവിട്ടത്. ഡോ. ഷിനു എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമാണ്.
പിരിച്ചുവിട്ട കാര്യം ഡോ. ഷിനുതന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. എന്നാൽ, ഡോ. ഷിനുവിനെ പിരിച്ചുവിട്ടിട്ടില്ലെന്നാണ് ആശുപത്രി ഉടമ പറയുന്നത്.
ഇതേസമയം വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ഡോ. ഷിനുവിനെതിരേ നിയമനടപടി ഉണ്ടാകുമെന്ന് തൃശൂർ ഡിഎംഒ ഓഫീസ് വ്യക്തമാക്കി.
ഡോ. ഷിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും അറിയിച്ചതിനും ഫേസ്ബുക്കിൽ എഴുതിയതിനും ടിവി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിവരവും ഞാൻ പുറത്തുവിട്ടിട്ടില്ല. മുതലാളി പറയുന്നതുപോലെ മിണ്ടാതെ ഒതുക്കിത്തീർക്കുവാൻ ഇതിൽ എന്തു കള്ളത്തരമാണ് ഉള്ളത്?
അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാർഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കും. ഇനിയും.
ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല.
ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷേ, എനിക്ക് ജോലിപോയി. എന്തു നാടാണിത്? ’ – ഡോ. ഷിനു ചോദിക്കുന്നു. എന്നാൽ, ഡോ. ഷിനു ചൂണ്ടിക്കാണിച്ച രോഗി നേരത്തേ തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും അയാളെ ഖത്തറിലേക്കു മടങ്ങാൻ അനുവദിച്ചെന്ന പരാമർശം തെറ്റാണെന്നും തൃശൂർ ഡിഎംഒ ഓഫീസ് പറഞ്ഞു.