ആതുരസേവനത്തോടൊപ്പം അഭിനയരംഗത്തും തിളങ്ങി നില്ക്കുന്ന ഡോ.ഷിനു ശ്യാമളന് വിനയന്റെ പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മാതു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തില്‍ ചുവടുറപ്പിക്കുന്നു.
ഗോകുലം ഗോപാലന് നിര്‍മിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളത്തിലെ വന്‍ താരനിരയ്ക്കൊപ്പമാണ് ഷിനു ശ്യാമളന് മാതുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിനു മുന്‍പ് ആറു ചെറു സിനിമകളടങ്ങിയ ആന്തോളജി മൂവിയായ ചെരാതുകളില്‍ സിസിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഷിനു ശ്യാമളന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മമ്മൂട്ടി അഭിനയിച്ച സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയുടെ രചയിതാവ് ഫവാസ് മുഹമ്മദാണ് ചെരാതുകളുടെ സംവിധായകന്.
കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്നസുന്ദരിയാണ് ഡോ.ഷിനു ശ്യാമളന് അഭിനയിച്ച മറ്റൊരു ചിത്രം.
ഇതില്‍ ജമന്തി എന്ന നാടന്‍ പെണ്‍കുട്ടിയെ വളരെ മനോഹരമായി യുവത്വത്തിന്റെ എല്ലാ ചുറുചുറുക്കോടും തന്റേടത്തോടും കൂടിയാണ് ഷിനു ശ്യാമളന് അവതരിപ്പിച്ചിരിക്കുന്നത്.
ജമന്തിക്കും സിസിലിക്കും ശേഷം മാതുവിലെത്തുമ്പോള് മലയാളസിനിമയിലെ മികച്ച നടിമാരില്‍ ഒരാളായി ഷിനു ശ്യാമളന് തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
സിനിമ അഭിനയത്തിനു പുറമെ മോഡലിംഗ്, നൃത്ത രംഗങ്ങളിലും ഡോ.ഷിനു ശ്യാമളന് പ്രശസ്തയാണ്.
അടുത്തിടെ ഒരു ആധുനിക വസ്ത്രവ്യാപാര സ്ഥാപനത്തിനു വേണ്ടി ഷിനു നടത്തിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ബോളിവുഡിലെ പല പ്രമുഖ പരസ്യ ഏജന്‍സികളും ഇതേതാണ് ഈ മോഡലെന്ന് ചോദിച്ച് കേരളത്തിലുള്ളവരെ ബന്ധപ്പെട്ടിരുന്നു.
ഒരു ബോളിവുഡ് താരസുന്ദരിയുടെ സ്റ്റൈലിഷ് മേക്ക് ഓവറോടെ ഡോ.ഷിനു ശ്യാമളനെ ഒരുക്കിയത് തൃശൂരിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ വിജി ചന്ദ്രനാണ്.
തൃശൂര്‍ ജില്ല സഹകരണ ആശുപത്രിയിലെ ഡോക്ടറാണ് ഷിനു ശ്യാമളന്.
ഷൂട്ടിംഗിന് തയാറെടുക്കുന്ന നിരവധി പുതിയ സിനിമകളില്‍ ഷിനു ശ്യാമളന് നല്ല വേഷങ്ങള്‍ ലഭിക്കുന്നുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ മാതു മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാകുമെന്നാണ് ഷിനു ശ്യാമളന് വിശ്വസിക്കുന്നത്.