കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു. എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈവർഷം ജനുവരി ഒന്നു മുതല്‍ മേയ് 31 വരെ 70 വിദ്യാര്ഥികള്ക്കെതിരേയാണ് ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 45 വിദ്യാര്‍ഥികള്‍ കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്.
എറണാകുളം ജില്ലയില്‍നിന്ന് 19 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. അഞ്ചു കേസുകള്‍ തിരുവനന്തപുരത്തും ഒരു കേസ് വയനാട്ടിലും രജിസ്റ്റര്‍ ചെയ്തു. ആഡംബരജീവിതത്തിനുള്ള പണം കണ്ടെത്താനായാണു വിദ്യാര്‍ഥികളില്‍ പലരും ലഹരി വില്പനയ്ക്കായി ഇറങ്ങുന്നത്. കൂട്ടുകെട്ടില്‍പ്പെട്ട് ലഹരിക്കേസുകളില്‍ അകപ്പെടുന്ന വിദ്യാര്‍ഥികളുമുണ്ട്.
സംസ്ഥാനത്ത് സിന്തറ്റിക് ലഹരി ഉപയോഗവും വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 15 മാസത്തിനിടെ 9889 എന്‍ഡിപിഎസ് കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1141 കേസുകള്‍ എറണാകുളത്തും 1014 കേസുകള്‍ കോട്ടയത്തുമാണ്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ 700ന് മുകളില്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലഹരിവേട്ടയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥര്ക്കുനേരേയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പത്തു കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 23,387 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയാന്‍ വിമുക്തി പോലുള്ള പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഇതു കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. ലഹരിപരിശോധന കര്‍ശനമാക്കുന്നതിനൊപ്പം വീടുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ലഹരിക്കെതിരേ ബോധവത്കരണം നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്.
സീമ മോഹന്‍ലാല്‍