ആലുവ: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന കാക്കനാട് അത്താണിയില്‍ താമസിക്കുന്ന കൊല്ലം കടക്കാവൂര്‍ സ്വദേശിയായ ‘സ്നിപ്പര്‍ ഷേക്ക്’ എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22) പോലീസിന്റെ പിടിയിലായി. ഇയാളുടെ പക്കല്‍നിന്ന് 120 എണ്ണം നൈട്രോസെപാം മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. ഈ മാസം ആദ്യം സേലത്തുനിന്ന് മയക്കുമരുന്ന് കടത്തിയിരുന്ന രണ്ടു യുവാക്കളെ 90 എണ്ണം നൈട്രോസെപാം ഗുളികകളുമായി ആലുവ എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മുഹമ്മദ് സിദ്ദിഖിനെ പിടികൂടിയത്.
സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇയാള്‍ അവിടെനിന്ന് വന്‍തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇയാള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ ഉള്ളതായും എക്സൈസ് സംഘം പറയുന്നു. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളായിരുന്നു പ്രധാനമായും ഇയാളുടെ ഇരകള്‍. ഇത്തരക്കാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ടെസ്റ്റ് ഡോസ് എന്ന രീതിയില്‍ ആദ്യം സൗജന്യമായി മയക്കുമരുന്നുകള്‍ നല്‍കി ഇവരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിദ്യാര്‍ഥിനികളും വീട്ടമ്മമാരും വരെ ഇയാളുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് നല്‍കുന്ന സൂചന.
ആലുവയിലെ ഇയാളുടെ ഏജന്റിന് മയക്കുമരുന്ന് കൈമാറുന്നതിന് ആലുവ യു.സി. കോളജിന് സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്സൈസ് ഷാഡോ ടീം കൈയോടെ പിടികൂടുകയായിരുന്നു. ലഹരിയിലായ ഇയാള്‍ അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും ഷാഡോ ടീം ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. നൈട്രോസെപാം ഗുളികകള്‍ 40 എണ്ണം കൈവശം വെയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.ആലുവ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.