പുതുവര്‍ഷാഘോഷം വെറൈറ്റിയാക്കാന്‍ ലഹരിമാഫിയ ! റേവ് പാര്‍ട്ടികള്‍ക്കൊപ്പം നിഗൂഢ ഗെയിംസെന്ററും ഒരുക്കും; കൊച്ചിയില്‍ അങ്ങോളമിങ്ങോളം ലഹരിപാര്‍ട്ടി കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിയില്‍ വന്‍ ലഹരിപ്പാര്‍ട്ടികള്‍ക്ക് കളമൊരുങ്ങുന്നതായി രഹസ്യറിപ്പോര്‍ട്ട്. ലഹരിപ്പാര്‍ട്ടികള്‍ക്കു പുറമേ നിഗൂഢ ഗെയിം സെന്ററുകളുമായി ഓണ്‍ലൈന്‍ മാഫിയയും രംഗത്തുണ്ടെന്ന് വിവരമുണ്ട്. പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ഏറ്റവുമധികം ലഹരി എത്തുന്ന സ്ഥലങ്ങളാണ് ഗോവയും കൊച്ചിയും. നഗരത്തിലും പരിസരത്തുമായി 30ലധികം ലഹരികേന്ദ്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

പരിശോധനകളെത്തുടര്‍ന്ന് ലഹരി മാഫിയയുടെ ന്യൂഇയര്‍ പരിപാടികള്‍ ഹൗസ്‌ബോട്ടിലേക്കു മാറ്റിയേക്കുമെന്നും സൂചനയുണ്ട്.ഇതിനാല്‍ ആലപ്പുഴയിലും പരിശോധന ശക്തമാക്കാനാണ് എക്‌സൈസ്-പോലീസ് സേനാ വിഭാഗങ്ങളുടെ തീരുമാനം.ഇതു കൂടാതെ മാരകഗെയിമുകളും ഒരുക്കുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ യുവാവ് മരിച്ചത് ബ്ലൂവെയിലിനു സമാനമായ ഗെയിം കളിച്ചാണെന്നു സംശയമുണ്ട്. യുവാവിന്റെ ഫോണ്‍ ലഭിക്കാഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.

യുവാക്കള്‍ക്കു മുന്നില്‍ ഇരട്ടക്കെണി ഒരുക്കി സൈബര്‍ ഗെയിം പോര്‍ട്ടലുകള്‍ വഴി തന്നെ ലഹരി പാര്‍ട്ടികളും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഈയിടെയാണ്. ഭീതി ജനിപ്പിക്കുന്ന പാവയുടെ മുഖചിത്രം ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ‘മോമോ’ കൂട്ടായ്മ ഇതേ തരത്തിലുള്ള വസ്ത്രവും മുഖംമൂടിയും ധരിച്ചു ന്യൂഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ 50,000 രൂപയാണു ഫീസായി ആവശ്യപ്പെടുന്നത്.

ഒപ്പം, മോമോ പാവയുടെ മുഖം പതിച്ച രാസലഹരി (എല്‍എസ്ഡി) സ്റ്റാമ്പുകളും വിതരണം ചെയ്യും. ലഹരിക്ക് അടിമയായി വികൃത രൂപിയായ സുന്ദരിപ്പെണ്‍കുട്ടിയുടെ മുഖമാണു പാവകള്‍ക്ക്. മോമോ ഗെയിമുകളില്‍ പങ്കെടുത്തു പരാജയപ്പെട്ടവര്‍ക്കും യഥാര്‍ഥ ‘മോമോ’ പെണ്‍കുട്ടിയെ പാര്‍ട്ടികളില്‍ നേരില്‍ കാണാമെന്ന വാഗ്ദാനവും മാഫിയ നല്‍കുന്നുണ്ട്. ഇത്തരം ഓണ്‍ലൈന്‍ മരണക്കെണികളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള ‘സൈബര്‍ ട്രിവിയ’ എന്ന മറു ഗെയിം പ്രചരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഫലപ്രദമായി നടപ്പാക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും കഴിഞ്ഞിട്ടില്ല.

കൊച്ചിയില്‍ ലഹരി കഴിച്ച് അഴിഞ്ഞാട്ടം നടത്തിയ ഒരു കേന്ദ്രം മാത്രമാണു കഴിഞ്ഞ സീസണില്‍ പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞത്. ഇവിടെയും ലഹരി പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു കേസ് ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞില്ല. ആഘോഷ രാവുകളിലെ വാഹന പരിശോധനയെ മറികടക്കാനാണു യുവാക്കള്‍ കൂടുതലായി മദ്യത്തില്‍ നിന്നു രാസ ലഹരിയിലേക്കു മാറിയത്. ആല്‍ക്കോമീറ്ററില്‍ ശ്വാസത്തിലെ മദ്യത്തിന്റെ അംശമല്ലാത്തെ നാഡികളെ ബാധിക്കുന്ന ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാനാവില്ലയെന്നതും പോലീസിനും എക്‌സൈസിനും തിരിച്ചടിയാവുകയാണ്.

Related posts