ആലുവ: മാരകലഹരി പദാര്‍ഥങ്ങളുമായി കൊച്ചിയില്‍ പിടിയിലായ സനീഷ് മയക്കുമരുന്ന് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവ്. ചുരുങ്ങിയത് പത്തുകോടിയിലേറെ രൂപയുടെ മയക്കുമരുന്നുകള്‍ ഇയാള്‍ അടുത്ത കാലത്ത് വിറ്റഴിച്ചതായിട്ടാണ് എക്സൈസ് അധികൃതര്‍ നടത്തിയ പ്രാഥമീക തെളിവെടുപ്പില്‍ വ്യക്തമായത്. അഭിനേതാക്കളുള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്കും ഡിജെ പാര്‍ട്ടികള്‍ക്കും പല പ്രമുഖര്‍ക്കും മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്നതും സനീഷാണെന്നാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ വിലയിരുത്തല്‍. അടുത്തിടെ എട്ടു തവണ കൊച്ചിയില്‍ താന്‍ ചരക്കെത്തിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇയാളുമായി അടുത്തബന്ധമുള്ളവരെ കണ്ടെത്തി വിതരണ-വില്‍പ്പന ശൃംഖലയുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഗോവയാണ് ഇയാളുടെ പ്രധാന തട്ടകമെന്നും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. സനീഷിനെയും കൊണ്ട് ഗോവയില്‍ തെളിവെടുപ്പിന് പോകാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ക്ക് യാതൊരെത്തും പിടിയുമില്ല.
അത്യാധുനിക ആയുധങ്ങളുമായി എന്തിനും മടിയില്ലാത്ത വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാവല്‍ നില്‍ക്കുന്ന ഗോവയിലെ രഹസ്യകേന്ദ്രങ്ങളില്‍ രാത്രികാലങ്ങളിലാണ് മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നതെന്നാണ് സനീഷ് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഗോവന്‍ പൊലീസിനുപോലും പേടിസ്വപ്നമായ ഇക്കൂട്ടരുടെ താവളത്തിലെത്തി തെളിവെടുക്കാമെന്ന എക്സൈസ് സംഘത്തിന്റെ കണക്കുകൂട്ടല്‍ വെറും വ്യാമോഹം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇയാള്‍ കൊച്ചി കേന്ദ്രമാക്കിയുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി എന്നും എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തി. എക്സൈസിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഇത്തരത്തില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആദ്യമാണ്. പിടിച്ചെടുത്ത 300 ഗ്രാമില്‍ താഴെയുള്ള മൂന്നിനത്തില്‍പ്പെട്ട മയക്കുമരുന്നുകള്‍ക്കുമായി വിപണിയില്‍ ഒരു കോടിയോളം മൂല്യമുള്ളതാണ്.ക്രിസ്റ്റല്‍ രൂപത്തിലുള്ള 47 ഗ്രാം എം ഡി എം എ, മൂന്നുഗ്രാം ദ്രവരൂപത്തിലുള്ള എം ഡി എം എ, പതിനൊന്നുഗ്രാം കൊക്കെയിന്‍, 230 ഗ്രാം ഹാഷിഷ് , ഇവ തൂക്കാനുപയോഗിക്കുന്ന മൊബൈല്‍ രൂപത്തിലുള്ള ത്രാസും അനുബന്ധ ഉപകരണങ്ങളും12,600 രൂപയും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സി ഐ സജി ലക്ഷമണന്റെ നേതൃത്വത്തിള്ള സംഘം ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു.
സനീഷ് സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് ക്രേറ്റ കാറും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും എം ഡി എം എ ഉപയോഗിക്കുകയും ചെയ്തിരുന്ന യുവാക്കളില്‍ ചിലരെ രണ്ടാഴ്ചയോളം നീരീക്ഷിച്ചശേഷം ഇവരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ഇയാളെക്കൊണ്ട് സനീഷിനെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നെന്നാണ് എക്സൈസ് സംഘത്തിന്റെ വെളിപ്പെടുത്തല്‍.കൊക്കെയിനും ഹാഷീഷും ഗ്രാമിന് 5000 മുതല്‍ 6000 രൂപവരെയാണ് ചില്ലറ വില്‍പ്പനക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം ഡി എം എ 100 മില്ലിഗ്രാമിന് 5000 മുതല്‍ 6500 രൂപവരെ ഇയാള്‍ ഈടാക്കിയിരുന്നെന്നും ഇതേ അളവിന് മോഹവില 11, 000 രൂപവരെ ഉണ്ടെന്നും ചെറിയ പഞ്ചസാരക്കട്ടയില്‍ ഒരുതുള്ളി ദ്രവരൂപത്തിലുള്ള എം ഡി എം എ ഒഴിച്ചു നല്‍കുമ്പോള്‍ ഇയാള്‍ 1500 രൂപവരെ വാങ്ങിയിരുന്നെന്നുമാണ് അധികൃതരുടെ കണ്ടെത്തല്‍. ഇതിനു പുറമേ ഡി ജെ പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന എല്‍ എസ് ഡിയും ഇയാള്‍ വിറ്റഴിച്ചിരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ക്രിസ്റ്റല്‍ -ദ്രവരൂപത്തിലുള്ള എം ഡി എം എ കുറഞ്ഞ അളവില്‍ ഒരുതവണ ഉപയോഗിച്ചാല്‍ കെട്ടുവിടാന്‍ മൂന്നു ദിവസമെങ്കിലും വേണ്ടിവരും. ഈ ഗണത്തിലുള്ള ചില മയക്കുമരുന്നുകള്‍ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടാലും ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ സഹായിക്കും. ഇതിനാല്‍ തന്നെ ധാരാളം യുവാക്കള്‍ ആവശ്യക്കാരായെത്തുന്നു. എം ഡി എം എ ഉപയോക്താക്കള്‍ ഏറെയും ഉന്നത സാമ്പത്തിക നിലവാരത്തില്‍ കഴിയുന്നവരാണെന്നും സിനിമാ ഷൂട്ടിങ് ലൊക്കേഷനുകള്‍ ഇയാളുടെ പ്രധാന വല്‍പ്പനകേന്ദ്രമായിരുന്നെന്നും ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. വിതരണക്കാരെയും ഉപഭോക്താക്കളെയും പിടിക്കാന്‍ ശക്തമായ നടപടികള്‍ ആവിഷ്‌ക്കരിച്ചുണ്ടെന്ന് എക്‌സൈസ് സംഘം വ്യക്തമാാക്കി.