കൊണ്ടോട്ടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നും വ്യാജ യുഎഇ ദിര്‍ഹവുമായി പിടിയിലായ യുവാവിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടിയിരുപ്പ് പൂളക്കല്‍ മുജീബ് റഹ്മാനെ (ബോംബെ നാണി 37) ആണ് കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടിയത്. പിടിയിലായത് മലബാര്‍ മേഖലയിലെ പ്രധാന മയക്കുമരുന്ന് ഏജന്റുമാരിലൊരാളാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ലക്ഷ്വറി കാറുകളുടെ ഇടപാടുകള്‍ക്ക് മയക്കുമരുന്ന് കടത്തില്‍ നിന്നു ലഭിക്കുന്ന പണം ഇയാള്‍ ഉപയോഗിച്ചിരുന്നു.
മുംബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നത്. രണ്ട് ഗ്രാം മെഥിലിന്‍ ഡെയോക്സി ആംഫെറ്റെയിന് കൈവശം വച്ചാല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കേസാണിത്. 16 ഗ്രാമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. അധിക സമയം സൂക്ഷിക്കാന്‍ കഴിയാത്ത എംഡി മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ഏത് പ്രവൃത്തിയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാവും.അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മെഥിലിന്‍ ഡെയോക്സി ആംഫെറ്റെയിന് (എംഡിഎ) എന്ന മയക്കുമരുന്നാണ് മുജീബുറഹ്മാനില് നിന്ന് കെണ്ടത്തിയത്. 24 ചെറിയ പാക്കറ്റുകളിലായി 16 ഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം 200 ന്റെ 10 വ്യാജ യുഎഇ ദിര്‍ഹവും കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിന് അധികസമയം ഉത്തേജനം ലഭിക്കാനാണ് പിടികൂടിയ ലഹരിമരുന്ന് ഉപയോഗിക്കപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. ഡിജെ പാര്‍ട്ടികളിലും വന്‍കിട ഹോട്ടലുകളിലെ നിശാ പാര്‍ട്ടികളിലുമാണ് എംഡി മയക്കുമരുന്ന് കൂടുതല്‍ ഉപയോഗിക്കുന്നത്. മൂന്ന് മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍വരെ ശരീരത്തിന് ഉത്തേജനം ലഭിക്കുന്ന മയക്കുമരുന്നാണിത്.
മൂക്ക് പൊടിയായാണ് ഉപയോഗിക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.മുജീബ് റഹ്മാന് പിടിയിലായത് രണ്ട് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ്. വ്യാജ കറന്‍സിയുടെ ഉറവിടവും പോലീസ് അന്വേഷിച്ചു വരികയാണ്.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ സ്ഥലത്തെത്തി. കൊണ്ടോട്ടി സിഐക്ക് പുറമെ പ്രത്യേക അന്വേഷണ സംഘത്തിലെ അബ്ദുള്‍ അസീസ്, സത്യനാഥന്, ശശി കുറക്കാട്, സജീവ്, സെയ്ത് മുഹമ്മദ്, എഎസ്ഐ സുലൈമാന്‍, മോഹന്‍ദാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.