ഏറ്റുമാനൂർ: കോവിഡിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവർ നാട്ടിലെത്തി വീടുകളിൽ വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ഏറ്റുമാനൂരിൽ അതിമാരകമായ ലഹരി വസ്തുക്കളും ഗുളികകളും വിതരണം ചെയ്യുന്ന സംഘം സജീവമാകുന്നു.
മുന്പ് വിദേശ രാജ്യങ്ങളിലും ബംഗളൂരു, മുംബൈ അടക്കമുള്ള നഗരങ്ങളിലും ജോലി ചെയ്തിരുന്നവരും പഠനം നടത്തിയവരും കോവിഡിനെ തുടർന്ന് തിരിച്ച് നാട്ടിൽ എത്തിയിരുന്നു.
ഇവരെ ലക്ഷ്യം വച്ചുകൊണ്ടാണ് പുതിയ ലഹരി മരുന്ന് വിൽപ്പന സംഘം സജീവമാകുന്നത്. മുന്പ് കഞ്ചാവ് ഉപയോഗവും വിൽപ്പനയും കൂടുതലായപ്പോൾ പോലീസിന്റെയും എക്സൈസിന്റയും കൃത്യമായ ഇടപെടലിലൂടെ ഒരു പരിധിവരെ തടയാൻ സാധിച്ചിരുന്നു.
നാഷണൽ പെർമിറ്റ് ലോറിയിൽവരെ കടത്തിയിരുന്ന കിലോക്കണക്കിനു കഞ്ചാവ് പോലീസും എക്സൈസും പല തവണ പിടികൂടിയിരുന്നു.
എന്നാൽ കഞ്ചാവിനേക്കാൾ അതിമാരകമായ ലഹരി ഗുളികകളും വസ്തുക്കളുമാണ് ഇപ്പോൾ കൂടുതലായി വിൽക്കുന്നത്. ഇതിനായി പ്രത്യക മാഫിയ സംഘം തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് കരുതുന്നത്.
ഇതിന്റെ ഭാഗമായിട്ടാണ് ഇന്നലെ മൂന്നുപേർ പിടിയിലായതെന്നും ഇവർ വഴി ലഹരി മരുന്നുകൾ എത്തിച്ചു നൽകുന്ന സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചെന്നും എക്സൈസ് പറഞ്ഞു.
ക്രിസ്മസ്, ന്യൂ ഈയർ സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി. റെജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ലഹരി ഗുളികകളുമായി കഴിഞ്ഞ ദിവസം മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്.
ഇവർ ലഹരി വസ്തുക്കൾ കടത്താനുപയോഗിച്ച രണ്ടു ഇരുചക്രവാഹനങ്ങളും പിടികൂടി.
കഞ്ചാവ് കടത്തുന്നതിനേക്കാൾ വളരെ ഏളുപ്പത്തിൽ ഇത്തരം ലഹരി വസ്തുക്കൾ കടത്താൻ കഴിയുമെന്നതും പുതിയ ലഹരി പരീക്ഷിക്കാൻ യുവാക്കൾ തയാറാക്കുന്നതോടെയും ഇവയുടെ ആവശ്യം കൂടി വരികയാണ്.
ഇത് കണക്കിലെടുത്താണ് ഇപ്പോൾ ഏറ്റുമാനൂരിൽ പുതിയ സംഘങ്ങൾ സജീവമാകുന്നത്.