തൃശൂർ: ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർ മാരെ കണ്ടെത്താൻ ഏറ്റവും പുതിയ ഡിറ്റക്ടിംഗ് കിറ്റുമായി പോലീസ് പരിശോധന കർശനമാക്കുന്നു.
കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് ഈ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ നാലു ഡ്രൈവർമാരെ കഞ്ചാവും സിന്തറ്റിക് ഡ്രഗും ഉപയോഗിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇവരെ അറസ്റ്റു ചെയ്തു. നാലുപേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ഈസ്റ്റ് എസ്എച്ച്ഒ ലാൽകുമാർ പറഞ്ഞു.
തൃശൂർ ഈസ്റ്റ് പോലീസും ഷാഡോ പോലീസും സംയുക്തമായാണ് കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തിയത്. ഓട്ടോ ഡ്രൈവർമാരിൽ പലരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.
ഈ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന കർശനമായി തുടരാനാണു പോലീസിന്റെ തീരുമാനം.
ഈ കിറ്റ് കിടുവാണ്…
മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാൻ ബ്രീത്ത് അനലൈസറിൽ ഉൗതിക്കുന്ന പോലെയല്ല എബോണ്‍ മൾട്ടി ഡ്രഗ് ടെസ്റ്റ് കിറ്റ്. ഇത് ഏറ്റവും ആധുനികമായ ടെസ്റ്റ് കിറ്റാണ്.
കഞ്ചാവ്, മയക്കുമരുന്ന്, സിന്തറ്റിക് ഡ്രഗുകൾ തുടങ്ങി പലതരത്തിലുമുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു നിമിഷനേരംകൊണ്ടു പരിശോധിച്ചറിയാം.
ടെസ്റ്റിന് വിധേയമാക്കുന്ന ആളുടെ ഏതാനും തുള്ളി മൂത്രം ഈ കിറ്റിലെ ടെസ്റ്റിംഗ് ഉപകരണത്തിലൊഴിച്ചാൽ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഉടൻ അറിയാം.
മയക്കുമരുന്ന് ഉപയോഗിച്ചില്ലെങ്കിൽ കിറ്റിൽ ചുവന്ന വര തെളിയും. ഉപയോഗിച്ച മയക്കുമരുന്നിനു നേരെ ഒന്നും തെളിഞ്ഞില്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചു എന്നാണർത്ഥം.
സംഗതി ഇത്തിരി കോസ്റ്റ്ലിയാണ്…
എബോണ്‍ മൾട്ടി ഡ്രഗ് ടെസ്റ്റ് കിറ്റിനു വിലയിത്തിരി കൂടുതലാണ്. 25 ഉപകരണങ്ങൾ അടങ്ങുന്ന കിറ്റിന് എണ്ണായിരം രൂപയോളം വില വരുന്നുണ്ട്.
എങ്കിലും മയക്കുമരുന്നുപയോഗിക്കുന്നവരെ പെട്ടന്നു കണ്ടെത്താൻ സഹായകമാണെന്നതിനാലും റിസൾട്ട് കൃത്യമാണെന്നതുകൊണ്ടും ഇതിനു സ്വീകാര്യതയേറെയാണ്.
കേരള പോലീസ് ഈ കിറ്റ് ആദ്യമായി ഉപയോഗിച്ചതു തൃശൂരിലാണ്. ഈ കിറ്റ് ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റിന് അംഗീകാരവുമുണ്ട്. സ്വകാര്യത സംരക്ഷിച്ചുകൊണ്ടാണ് ടെസ്റ്റ് നടത്തുകയെന്നു പോലീസ് പറഞ്ഞു.
യാത്രക്കാർ ആശങ്കയിൽ….
ലഹരിമരുന്നുപയോഗിച്ച് വണ്ടിയോടിക്കുന്ന ഓട്ടോ ഡ്രൈവർമാരെ അറസ്റ്റു ചെയ്തുവെന്ന വാർത്ത പുറത്തുവന്നതോടെ യാത്രക്കാരാണ് ആശങ്കയിലായിരിക്കുന്നത്.
എന്തു വിശ്വസിച്ചാണു ഓട്ടോറിക്ഷയിൽ കയറുക എന്നു യാത്രക്കാർ ചോദിക്കുന്നു. മദ്യവുമായി താരതമ്യം ചെയ്യുന്പോൾ സിന്തറ്റിക് ഡ്രഗുകളുടെ മണം തിരിച്ചറിയാനാകില്ലെന്നതിനാൽ ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നു മനസിലാക്കാനാകില്ല.
ഓട്ടോ ഡ്രൈവർമാർക്കിടയിലും ബസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം കൈകാര്യം ചെയ്യുന്നവരിലും പരിശോധന കർശനമാക്കണമെന്നാണു യാത്രക്കാർ ആവശ്യപ്പെടുന്നത്.
എല്ലാ ഓട്ടോ ഡ്രൈവർമാരും മയക്കുമരുന്നുപയോഗിക്കുന്നവരല്ലെങ്കിലും ഏതാനും ചിലരുടെ തെറ്റായ ശീലങ്ങൾ എല്ലാവരേയും സംശയത്തിന്റെ നിഴലിലാക്കുന്ന അവസ്ഥയാണുള്ളത്.