രാമപുരം: ടൗണിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മദ്യപാനവും ലഹരി ഉപയോഗവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നതായി നാട്ടുകാര്‍.
കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിക്കുകയും ചീട്ടുകളിച്ച് ബഹളമുണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് ഗ്രേഡ് എസ്ഐ ജോബി ജോര്‍ജിന്റെ മരണത്തിന് കാരണമായത്.
ചീട്ടുകളിയും കെട്ടിടത്തിലെ ബഹളവും മൂലം തങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഒരുമിച്ച് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളി സ്റ്റേഷനില്‍ അറിയിച്ചതിനെ ത്തുടര്‍ന്നാണ് ജോബി ഉള്‍പ്പെടെയുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
മുറിയില്‍ കയറി വാതില്‍ പൂട്ടിയ ചീട്ടുകളിക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് എസ്ഐ ജോബി രണ്ടാം നിലയില്‍നിന്നു താഴേക്കുവീണ് ഗുരുതരമായി പരിക്കേൽക്കുകയും മരണമടയുകയും ചെയ്തത്.
രാത്രികാലങ്ങളില്‍ ലഹരി ഉപയോഗിച്ച് ലക്കുകെട്ട ഇതരസംസ്ഥാന തൊഴിലാളികൾ അസഭ്യവര്‍ഷവും തമ്മിലടിയും നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസും നാട്ടുകാരും ഇടപെട്ടാണ് പലപ്പോഴും ഇവരെ പിരിച്ചുവിടുന്നത്.
മദ്യത്തിനും പാന്മസാലകള്ക്കും പുറമെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ബസ് സ്റ്റാന്‍ഡും പരിസരവുമാണ് ഇവരുടെ താവളം.
ഹാന്‍സ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പത്തിരട്ടി വിലയ്ക്കാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രഹസ്യമായി എത്തിച്ചു നല്‍കുന്നത്.