പൊന്നാനി: പെട്ടിക്കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാത്തത് ചോദ്യം ചെയ്ത മധ്യവയസ്കനെ ലഹരി സംഘം ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ 17 കാരനടക്കം മൂന്നുപേരെ പോലീസ് പിടികൂടി.
പൊന്നാനി കർമ റോഡിൽ താമസിക്കുന്ന വെട്ടതിങ്കര നവനീത് (24), കുണ്ടുകടവിൽ താമസിക്കുന്ന ചോലങ്ങാട്ട് അൻസാർ (19) എന്നിവരെയും പതിനേഴു കാരനെയുമാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം.
കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം ചോദിച്ചതോടെ കടയുടമയ്ക്കുനേരേ കത്തി വീശുകയും ഭീഷണിപ്പെടുത്തി അക്രമിക്കുകയുമായിരുന്നു ഇവർ. സംഭവത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂവരും മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പിടിയിലായ നവനീത് ഏതാനും മാസം മുന്പ് എറണാകുളത്ത് വച്ച് എംഡിഎംഎയുമായി പിടിയിലായിരുന്നു. നവനീതിന്റെ സഹോദരൻ വിനായകൻ പൊന്നാനിയിലും മറ്റും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ രണ്ടു പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടൂപ്രതിയായ പ്രായപൂർത്തിയാകാത്ത 17കാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുന്പാകെ ഹാജരാക്കി.