പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ എത്തിക്കാനായി അടുക്കളയുടെ ചായ്പിൽ വച്ചിട്ടാണ് നഞ്ചോക്ക് ഉറങ്ങാൻ പോയത്. രാവിലെ നോക്കിയപ്പോൾ ചാക്കുകാണാനില്ല. നഞ്ചോക്കിനു മാത്രമല്ല തായ്ലാൻഡിലെ പട്ടാണി ഗ്രാമത്തിലുള്ള മിക്കയാളുകൾക്കും ഇത്തരം അനുഭവങ്ങൾ പതിവാണ്.
നാണ്യവിളകൾ മുതൽ ഭക്ഷണ സാധനങ്ങൾവരെ എന്തും മോഷണം പോകാം. മോഷ്ടിച്ചെടുത്ത സാധനങ്ങൾ വിൽക്കാൻ ചെല്ലുന്പോൾ കടക്കാർക്കറിയാം ഇത് മോഷണവസ്തുവാണെന്ന്. പക്ഷെ അവർ കണ്ണടയ്ക്കും. ഈ കള്ളന്മാർക്കൊക്കെ ഒറ്റ ലക്ഷ്യമേയുള്ളു. മോഷണവസ്തു വിറ്റുകിട്ടുന്ന പണത്തിന് മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും വാങ്ങണം.
പട്ടാണി അടക്കം നിരവധി തായ്ലാൻഡ് ഗ്രാമങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇവിടത്തെ ലഹരിക്കടിമകളായ യുവജനങ്ങൾ. ഇവരുടെ എണ്ണം ദിവസംതോറും കൂടിവരുകയാണ്. ഇവിടത്തെ മിക്ക റബർതോട്ടങ്ങളുടേയും നടുവിൽ ചെറിയ കുടിലുകളുണ്ടാകും. യുവാക്കളെല്ലാം ചേർന്ന് ലഹരി നുരയുന്ന ഇടങ്ങളാണിവ.
നമ്മുടെ നാട്ടിലെ കഞ്ചാവുപോലെ ഇവിടെ വളരുന്ന കരാട്ടം എന്ന ചെടിയുടെ ഇലയാണ് പ്രധാനമായും ലഹരിക്ക് ഉപയോഗിക്കുന്നത്. കരാട്ടത്തിന്റെ ഇലയും ചുമയ്ക്കുള്ള സിറപ്പും കൊക്കകോളയും ചേർത്തുണ്ടാക്കുന്ന ഒരു ലഹരി വസ്തുവിന് ആവശ്യക്കാർ ഏറെയാണ്. ഏകദേശം 150 രൂപ വിലയുള്ള ഇതു വാങ്ങാനുള്ള പണം കണ്ടെത്താനാണ് ആളുകൾ മോഷണത്തിന് ഇറങ്ങുന്നത്. ലഹരി പകരുന്ന നിരവധി ഗുളികകളും ഇവിടെ സുലഭമായി ലഭിക്കുന്നു.
തായ്ലാൻഡിന്റെ തെക്കൻ പ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ മയക്കുമരുന്നുകൾക്ക് അടിമകളാണ്. പട്ടാണിയിലേക്കുവന്നാൽ ഇവിടത്തെ 90 ശതമാനം ആളുകളും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 14നും 30നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ മിക്കവരും. ഇവിടത്തെ കൗമാരക്കാരിൽ അഞ്ചിൽ ഒരാൾ ലഹരിക്കടിമയാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ പ്രദേശം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ഇവിടെ നടത്തിയ സർവേയിൽ 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. ഗവണ്മെന്റ് ഇതിനെതിരേ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്.
ലഹരി വരുന്ന വഴി
ഈ ചെറിയ ഗ്രാമത്തിൽ ഇത്രയധികം ലഹരിയെത്തുന്നതെങ്ങനെയെന്ന് ഇവിടത്തെ ക്രമസമാധാന പാലകർക്കുപോലും അറിയില്ല. അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിലെ പരിശോധനകൾ കാര്യക്ഷമമല്ല എന്ന ആക്ഷേപം പരക്കെയുണ്ട്. തായാലാൻഡിലെ വിഘടനവാദികളാണ് ഇവിടെ ലഹരി ഒഴുക്കുന്നതെന്നും ആരോപണമുണ്ട്. ലഹരി വസ്തുക്കൾ നൽകി യുവജനങ്ങളെ സർക്കാരിനെതിരേ പ്രക്ഷോഭങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നത് വിഘടനവാദികളുടെ ശൈലിയാണെന്ന് പറയപ്പെടുന്നു. ലഹരി കടത്തൽ തടയാൻ നടത്തുന്ന പ്രവർത്തനങ്ങൾ വിഘടനവാദികൾ തടയുന്നുവെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നു കച്ചവടത്തിലൂടെയാണ് വിഘടനവാദികൾ അവർക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതെന്നും ഇവർ സംശയിക്കുന്നു.
എന്നാൽ ചില സന്നദ്ധ സംഘടനകൾ ഇവിടെ നടത്തിയ അന്വേഷണങ്ങൾ പോലീസിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു. വിഘടനവാദികളല്ല മറിച്ച് സർക്കാരിന്റെ നിരുത്തരവാദിത്വമാണ് ഇവിടെ ലഹരി ഉപയോഗം വർധിക്കാൻ കാരണമെന്ന് ഇവർ പറയുന്നു.
ലഹരി സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ പട്ടാണിയിലെ നഗര കൗണ്സിലിൽ 525 വിവാഹമോചന അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 80 ശതമാനം അപേക്ഷകൾക്കും കാരണം ജീവിത പങ്കാളിയുടെ ലഹരി ഉപയോഗമായിരുന്നു. കമ്മീഷൻ കൗണ്സിലിംഗിനുംമറ്റും വിളിക്കുന്പോൾ പുരുഷന്മാർ വരാത്തതുകൊണ്ട് കൗണ്സിലിന്റെ മുന്പിലെത്തുന്ന അപേക്ഷകളെല്ലാംതന്നെ വിവാഹ മോചനത്തിലാണ് അവസാനിക്കുന്നത്. അമിതമായ ലഹരി ഉപയോഗം നിമിത്തം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇവിടുത്തെ പുരുഷൻമാരിൽ കണ്ടുവരുന്നത്.