ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ 48 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) ഞായറാഴ്ച പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഫ്രിക്കന്‍ സ്വദേശിയെയും മ്യാന്മര് സ്വദേശിയായ സ്ത്രീയും ഉള്‍പ്പടെ ഏഴു പേരെ പിടികൂടി. കോവിഡിനെ തുടര്‍ന്ന് യാത്ര വിമാനസര്‍വീസുകള്‍ നിയന്ത്രിച്ച സാഹചര്യത്തില്‍ കൊറിയര്‍ സര്‍വീസിലൂടെയാണ് മയക്കുമരുന്ന് കടത്ത് നടത്തി വന്നിരുന്നതെന്ന് ഡ്രഗ്സ് കണ്ട്രോള് ബ്യൂറോ അറിയിച്ചു.
ഈ മാസം ആദ്യം 970 ഗ്രാം ഹെറോയിന്‍ അടങ്ങിയ പാഴ്സല്‍ എന്‍സിബി പിടികൂടിയിരുന്നു. ഇതെ തുടര്‍ന്നാണ് കള്ളക്കടത്തിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് മയക്കുമരുന്ന് അയക്കുന്ന കണ്ണികളെ കണ്ടെത്താന്‍ എന്‍സിബി ഡമ്മി പാഴ്സല്‍ പകരമയച്ചു.
ഈ അന്വേഷണം മഹിപാല്‍പുരിലെ ഹോട്ടലില്‍ താമസിച്ചിരുന്ന വാഹിദ്, മൊഹ്സിന്‍, ഷാജഹാന്, ഹനീഫ്, മുന്നസിര്‍ എന്നിവരിലേക്ക് എത്തിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ 980 ഗ്രാം ഹെറോയിന്‍ കൂടി കണ്ടെത്തി.
പാഴ്സല്‍ കൈപ്പറ്റാനെത്തിയ മ്യാന്മര് സ്വദേശിനിയായ യുവതിയിലൂടെയാണ് സംഘത്തിലെ ആഫ്രിക്കന്‍ സ്വദേശിയുടെ പങ്ക് മനസിലായത്. മ്യാന്മര് യുവതി ആഫ്രിക്കന്‍ സ്വദേശിക്കുവേണ്ടി വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതായി എന്‍സിബി കണ്ടെത്തി.
ലോക്ക്ഡൗണ്‍ കാലയളവില്‍ ഒരു കിലോയോളം തൂക്കമുള്ള മയക്കുമരുന്ന് അടങ്ങിയ പത്ത് പാഴ്സലുകള്‍ കടത്തിയതായി ഡിജിറ്റല്‍ ഫോറന്‍സിക് അനാലിസിസിലൂടെയും ഫുട്പ്രിന്റിംഗിലൂടെയും എന്‍സിബി കണ്ടെത്തി.