കണ്ണൂർ: അതിമാരക ലഹരി മരുന്നുമായി സിനിമാ താരത്തെ എക്സൈസ് നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
തലശേരി സെയ്ദാർപള്ളിക്ക് സമീപം താമസിക്കുന്ന മിഹ്റാജ് കാത്താണ്ടിയെ (34) യാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും അതിമാരക ലഹരിമരുന്നായ ആയിരം മില്ലിഗ്രാം മെത്തലിൻ ഡയോക്സി മെത്ത് ആംപ്ഫിറ്റാമിനും (എംഡിഎംഎ) നിരോധിത ഗുളികയായ 7.5 ഗ്രാം സ്പാസ്മോ പ്രോക്സിവോണും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.
നിരവധി ആൽബങ്ങളിലും മൂന്നു സിനിമകളിലും അഭിനയിച്ചിട്ടുണ്ട് മിഹ്റാജ്. സിനിമാ- സീരിയൽ മേഖലകളിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ബംഗളൂരൂൽ ബിസിനസ് നടത്തി വരികയാണ് യുവാവ്.
മോളി, എക്റ്റസി എന്നീ ചെല്ലപ്പേരുകളിൽ അറിയപ്പെടുന്ന എംഡിഎംഎ എന്ന മാരക ലഹരി വസ്തു പാർട്ടി ഡ്രഗ് ആയാണ് വിദേശത്തും ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ നടത്തപ്പെടുന്ന ഡീജെ പാർട്ടികളിലും ഉപയോഗിക്കുന്നത്. വെറും പോയിന്റ് 02 മില്ലിഗ്രാം മനുഷ്യ ശരീരത്തിൽ എത്തിയാൽ ആറു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ഭൂമിയിൽ നിന്നും ഉയരത്തിലേക്ക് പറക്കുന്ന അനുഭവവും അസാധാരണമായ അനുഭൂതിയും ഉണ്ടാവുകയാണെന്നാണ് പഠനം വെളിപ്പെടുത്തുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത് ഒന്നിലേറെ തവണ ഉപയോഗിച്ചാൽ പ്രധാന അവയവമായ കിഡ്നി തകരാറിലാവുകയും ശാരീരികവും മാനസിക വിഭ്രാന്തി പോലുള്ള പ്രധാന വെല്ലുവിളികൾ നേരിടുകയും ചെയ്യും. പോയിന്റ് രണ്ട് മില്ലിഗ്രാം കൈവശം വച്ചാൽ ജാമ്യം പോലും ലഭിക്കാത്ത മാരക ലഹരിമരുന്നാണ് ഇത്.
ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് ടീം അംഗങ്ങളായ പി.ജലീഷ് , കെ.ബിനീഷ് , കണ്ണൂർ എക്സൈസ് നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീ ഓഫീസർ സി.ദിലിപ് , എം.പി. സർവജ്ഞൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ടി.ശരത്, ഒ.ലിമേഷ്, സി.പങ്കജാക്ഷൻ, എക്സൈസ് ഡ്രൈവർ പി.ഷജിത്ത് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.