സ്വന്തംലേഖകന്‍
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. കേസിലുള്‍പ്പെട്ട മലയാളികളെക്കുറിച്ചാണ് ഇന്റലിജന്‍സ് അന്വേഷിക്കുന്നത്. നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത മലയാളികളെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി അന്വേഷിക്കുന്നത്.
ഇവരുമായി അടുപ്പമുള്ളവരെക്കുറിച്ചും നേരത്തെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും കേസുകളില്‍ ഇവർക്കു പങ്കുണ്ടോയെന്നതും അന്വേഷിച്ചുവരികയാണ്. റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇന്റലജിന്‍സ് മേധാവിക്ക് കൈമാറാനാണ് നിര്‍ദേശം.
എറണാകുളം സ്വദേശി അനൂപ് മുഹമ്മദ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന് എന്നിവരെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചു. ഇതിന് പുറമേ അനൂപിന്റെ മൊഴിയില്‍ പരാമാര്ശിച്ചിട്ടുള്ള കണ്ണൂര്‍ സ്വദേശി ജിംറിന്‍ അഷിയെക്കുറിച്ചും പരിശോധിച്ചു വരികയാണ്.
സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ കന്നട സീരിയല്‍ നടി അനിഘയെ പരിചയപ്പെടുത്തിയത് ജിംറിന്‍ ആണെന്നാണ് അനൂപിന്റെ മൊഴി. ജിംറിനുമായി ബന്ധമുള്ള സിനിമാ പ്രവര്‍ത്തകരെക്കുറിച്ചും പരിശോധിച്ചുവരികയാണ്.
സംസ്ഥാന പോലീസ് മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ വിവരങ്ങളും അതിലുള്‍പ്പെടെ പ്രതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.