കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില് നടന്ന ലഹരിവേട്ടയിലേക്ക് പോലീസിനെ എത്തിച്ചത് കോളജിന്റെ ‘വി ക്യാന്’ കാമ്പയിന്റെ ഭാഗമായ പ്രിന്സിപ്പലിന്റെ കത്ത്. ലഹരിയെ ചെറുക്കുന്നതിനായി കോളജ് വിദ്യാര്ഥികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് വി ക്യാന്. ഇതിന്റെ ഭാഗമായ പ്രവര്ത്തനങ്ങള് കോളജില് പുരോഗമിക്കുന്നതിനിടെ ഹോളി ആഘോഷങ്ങള്ക്കു മുന്നോടിയായി സ്പെഷല് ബ്രാഞ്ച് ഉദ്യോഗസ്ഥരില്നിന്ന് കോളജ് പ്രിന്സിപ്പല് ഡോ. ഐജു തോമസിന് ഒരു സന്ദേശം എത്തുന്നു.
ഹോളി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില് വിദ്യാര്ഥികള് ലഹരിവസ്തുക്കള് ഉപയോഗിക്കാന് സാധ്യതയുണ്ടെന്നായിരുന്നു ആ സന്ദേശം. ഇതില് വിശദമായ അന്വേഷണം നടത്തിയതോടെ അറിയിപ്പില് വസ്തുതയുണ്ടെന്നു കണ്ടെത്തി പ്രിന്സിപ്പല് കൊച്ചി ഡിസിപിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്കുകയായിരുന്നു. 14ന് പരിപാടി നടക്കാനിരിക്കെ 12നാണു കത്ത് നല്കിയത്.
ലഹരി ഇടപാടിനായി വിദ്യാര്ഥികള് പണപ്പിരിവ് നടത്തുന്നതായി മനസിലാക്കാന് കഴിഞ്ഞിട്ടുണ്ടെന്നും കത്തില് പറയുന്നു. അതിനാല് കാമ്പസിനുള്ളില് പോലീസിന്റെ സാന്നിധ്യമുണ്ടാകണം. നിരീക്ഷണം കൂടുതല് ശക്തമാക്കണം. കാമ്പസിനു പുറത്തും ഹോസ്റ്റല് കേന്ദ്രീകരിച്ചും ലഹരി ഉപയോഗത്തിനെതിരേ സമുചിതമായ ഇടപെടല് ഉണ്ടാകണമെന്നും പോലീസിനു നല്കിയ കത്തില് പ്രിന്സിപ്പല് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം നാളെ ആരംഭിക്കും
കേസില് വിദ്യാര്ഥികള് അസ്റ്റിലായതിനു പിന്നാലെ കോളജ് കംപ്യൂട്ടര് എന്ജിനിയറിംഗ് വകുപ്പ് മേധാവി ഇ. വിനോദ് കണ്വീനറായ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. സമിതിയുടെ അന്വേഷണം നാളെ ആരംഭിക്കും. കേസില് ജാമ്യം ലഭിച്ച വിദ്യാര്ഥികളില്നിന്നും സംഭവദിവസം ഹോസ്റ്റലിലും കോളജിലും ഉണ്ടായിരുന്ന വിദ്യാര്ഥികളില്നിന്നും സമിതി മൊഴിയെടുക്കും. കേസിലുള്പ്പെട്ട വിദ്യാര്ഥികളുടെ മാതാപിതാക്കളില്നിന്നും വിവരങ്ങള് ശേഖരിക്കും. അന്വേഷണസമിതിയുടെ റിപ്പോര്ട്ടനുസരിച്ചായിരിക്കും തുടര്നടപടികളെന്ന് പ്രന്സിപ്പല് ഡോ. ഐജു തോമസ് പറഞ്ഞു. അറസ്റ്റിലായവര് കേസില് കുറ്റക്കാരാണെന്നു തെളിഞ്ഞാല് കോളജില്നിന്നു പുറത്താക്കുന്ന നടപടികളിലേക്ക് കടക്കും.