പറവൂർ: കോടികൾ വിലവരുന്ന മയക്കുമരുന്ന് രാസലഹരിയുമായി മൂന്നുപേർ പോലീസ് പിടിയിലായ സംഭവത്തിലെ പ്രതികൾ ഇതിനു മുമ്പും നിരവധി കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ്. നീറിക്കോട് തേവാരപ്പിള്ളി നിധിൻ വിശ്വം (25), തട്ടാൻപടി കണ്ണൻ കുളത്തിൽ നിധിൻ കെ. വേണു (തംബുരു 28), ഇവർക്ക് സിനിമാ നിർമാണത്തിനെന്ന പേരിൽ വീട് എടുത്ത് നൽകിയ പെരുവാരം ശരണം വീട്ടിൽ അമിത് കുമാർ (29) ആണ് എന്നിവരാണ് പിടിയിലായത്.
നിധിൻ വിശ്വം ലഹരി മരുന്ന് വില്പനക്കെതിരേ പ്രതികരിച്ച ഗൃഹനാഥനെ ചവിട്ടി കൊന്ന കേസിലെ പ്രതിയാണ്. നിധിൻ കെ. വേണു പാലക്കാട് വച്ച് 12കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ പ്രതിയാണ്.
കേരളത്തിലെ കുപ്രസിദ്ധരായ മയക്കുമരുന്ന് സംഘമായ ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി നേരിട്ട് ബന്ധമുള്ള തരത്തിലാണ് ഇടപാടുകൾ നടക്കുന്നത്.
ഡൽഹിയിൽ നിന്നുമാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നത്. കൂടിയ അളവിൽ എംഡിഎംഎ കൊണ്ടുവന്ന് അമ്പത്, ഇരുപതു ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വില്പന. ഡൽഹിയിലേക്ക് വിമാന മാർഗം പോയി അവിടെ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങി മയക്കുമരുന്ന് കേരളത്തിലെത്തിച്ച് വില്പന നടത്തുകയാണ് ചെയ്യുന്നത്.
ഹൃസ്വ ചിത്രത്തിന്റെ ഷൂട്ടിംഗിനെന്ന് പറഞ്ഞാണ് ഇവർ തത്തപ്പിള്ളിയിലെ വാടക വീട്ടിൽ തങ്ങിയത്. ഇവിടെ വച്ച് ഓഡീഷനും നടത്തിയിരുന്നു. പരിസരവാസികളുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഇത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് ഒരു കിലോ എണ്ണൂറ്റിപ്പത്ത് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ വാടകയ്ക്കെടുത്ത പറവൂർ തത്തപ്പിള്ളിയിലെ വീട്ടിൽനിന്നും കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ നടക്കുന്ന “ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ’ പദ്ധതിയുടെ ഭാഗമായി ഡാൻസാഫ് ടീമും പറവൂർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഡിവൈഎസ്പിമാരായ പി.പി. ഷംസ്, എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ, വർഗീസ്, സബ് ഇൻസ്പെക്ടർമാരയ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ് തുടങ്ങിയവരും റെയ്ഡിനുണ്ടായിരുന്നു.