കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തിന്റെ പേരില്‍ അടിപിടി കൂടിയ നാലുപേര്‍ അറസ്റ്റിലായ സംഭവത്തില്‍ ഒളിവില്‍ പോയ യുവാവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ അതുല്‍ ദേവ്, രാഹുല്‍, മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് അനസ്, അബു താഹിര്‍ എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് രണ്ടു കിലോ കഞ്ചാവും 1.02 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു.
ലഹരി ഇടപാടില്‍ ഇവരുടെ സുഹൃത്തായ മണ്ണാര്‍കാട് സ്വദേശിയെ കണ്ടെത്താനായാണ് അന്വേഷണം നടക്കുന്നത്. തേവര കോന്തുരുത്തിയില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി കൂടുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതുലിന്റെ പക്കല്‍നിന്നും 1.02 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നാലു പേരെയും അറസ്റ്റു ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിലാണ് അടിപിടി കൂടിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമായത്. മുഹമ്മദ് അനസും അബു താഹിറും മറ്റൊരു മണ്ണാര്‍ക്കാട് സ്വദേശിയും കൂടി രണ്ടു കിലോ കഞ്ചാവ് അതുലിന് വീട്ടില്‍ എത്തിച്ചു കൊടുത്തിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് അതുല്‍ ദേവും രാഹുലും കൂടി തിരികെ മുഹമ്മദ് അനസിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിച്ചു നല്കി. പകരം അനസിന്റെ കാര്‍ അതുല്‍ ദേവ് എടുത്തുകൊണ്ടു പോകുകയും ചെയ്തു.
അനസ് കഞ്ചാവ് തിരിച്ചെടുത്തെങ്കിലും മറിച്ചു വില്ക്കാന് സാധിക്കാതെ വന്നതിനെതുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ മേനക ഭാഗത്തുവച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് അതുലും രാഹുലും കാര്‍ എടുത്തുകൊണ്ടുപോകുകയും മുഹമ്മദ് അനസും അബുതാഹിറും പിന്തുടര്ന്നെത്തി കോന്തുരുത്തി ഭാഗത്തുവച്ച് തമ്മില്‍ അടിപിടി ഉണ്ടാക്കുകയുമായിരുന്നു. പോലീസ് പിന്നീട് അനസിന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തി ഒളിപ്പിച്ചുവച്ച രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു.
പിടിയിലായ ഒന്നാം പ്രതി അതുലിനെതിരേ രണ്ട് മയക്കുമരുന്നു കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുള്ളയാളാണ്. രണ്ടാം പ്രതി മുഹമ്മദ് അനസിനെതിരെയും നിരവധി കേസുകളുണ്ട്. സൗത്ത് പോലീസിന് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.