ചെന്നൈ: ചെന്നൈയിൽ ചായ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.
മ്യാൻമറിലെ തമുവിൽനിന്ന് ശ്രീലങ്കയിലേക്ക് കടൽമാർഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്.
15.8 കിലോ മെത്താഫെറ്റാമൈൻ പിടിച്ചെടുത്തെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ എട്ടു പേർ അറസ്റ്റിലായെന്നും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
മ്യാൻമറിലെ തമുവിൽനിന്ന് മണിപ്പുർ, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം. ചായ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചനിലയിലാണ് മയക്കുമരുന്ന് ചെന്നൈയിൽ എത്തിച്ചത്. കഴിഞ്ഞ മാസം ആദ്യം നാലു കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിലായിരുന്നു.