കണ്ണൂർ: കഞ്ചാവ് ശേഖരവുമായി യുവതി പിടിയിൽ. പയ്യന്നൂർ കണ്ടാളി സ്വദേശിനി നിഖിലയാണ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവാണ് നിഖിലയുടെ പക്കൽ നിന്നും കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പ് എക്സൈസ് സഘം നിഖിലയെ കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നിഖിലയുടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ മുറിയിൽ ഒളിപ്പിച്ച് വച്ച ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു.
കേരളത്തിലേക്ക് വിൽപനയ്ക്കായ് കർണാടകത്തിൽ നിന്നും എത്തിച്ച കഞ്ചാവാണിതെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നിഖിലയുടെ വീട് വളഞ്ഞത്.
തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും 1.6 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. കർണാടകയിൽ നിന്നും എത്തിച്ച ഈ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽക്കുന്നതാണ് ഇവരുടെ രീതി. സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു നിഖില.
കണ്ണൂരിൽ ആഴ്ചകൾക്ക് മുമ്പ് കഞ്ചാവുമായി അറസ്റ്റിലായ ആളുമായി നിഖിലയ്ക്ക് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. നിഖിലയുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് എക്സൈസ് വ്യക്തമാക്കി.