സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ ആസാം സ്വദേശി തൂങ്ങിമരിച്ചു. പിഎംജിക്കു സമീപമുള്ള ആർബിഐ ക്വാർട്ടേഴ്സിൽ ശുചീകരണ തൊഴിലാളിയായ സൂരജ് ഉപാധ്യായ (27) നെയാണ് ഇന്നലെ രാവിലെ പത്തോടെ തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മ്യൂസിയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അതേസമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളായ രണ്ടുപേരെ പോലീസ് അനാവശ്യമായി കസ്റ്റഡിയിലെടുത്തതായി സ്ഥലവാസികൾ ആരോപിച്ചു.
ഇവർക്കെതിരേ പെറ്റി കേസെടുത്തു വിട്ടയച്ചതായി മ്യൂസിയം പോലീസ് പറഞ്ഞു. പിഎംജിയിൽ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജപ്തി നടപടിയിലൂടെയാണ് കെഎഫ്സി കെട്ടിയം കൈവശപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടോളമായി അനാശ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കെട്ടിട സമുച്ചയമെന്ന് നാട്ടുകാർ പറയുന്നു.
താമസ യോഗ്യമല്ലെങ്കിലും നിരവധിപേർ പകലും രാത്രിയിലുമായി ഈ ബഹുനില കെട്ടിടത്തിൽ വന്നുപോകുന്നുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ഈ നിഷ്ക്രിയത്വം ചോദ്യം ചെയ്തതിനാണ് ഇന്നലെ സ്ഥല വാസികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് പെറ്റി കേസ് ചാർജ് ചെയ്തത്.
മയക്കു മരുന്ന് ഉപയോഗത്തിനായി നിരവധി സംഘങ്ങൾ ഇവിടെ എത്തുന്നുണ്ടെന്നാണ് വിവരം. റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നിരവധി തവണ മ്യൂസിയം പോലീസിൽ ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ യാതൊരു തരത്തിലുള്ള നടപികളും സ്വീകരിച്ചിട്ടില്ല.
മദ്യം, മയക്കു മരുന്ന് ഉപയോഗത്തിനും അനാശാസ്യ പ്രവർത്തനങ്ങൾക്കുമായി മാത്രം കെട്ടിട സമുച്ചയം മാറിയതിനാൽ പ്രദേശ വാസികളും ദുരിതത്തിലാണ്.
വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ ഭയത്തോടെയാണ് കെട്ടിടത്തിനു സമീപത്തുകൂടി കടന്നുപോകുന്നത്.