ലഹരിക്കെതിരേ സമൂഹം കൈകോർക്കുന്പോൾ മാജിക്കിലൂടെ മുന്നറിയിപ്പിന്റെ കാഹളം മുഴക്കുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോയ്സ് മുക്കുടം. പുതുതലമുറ ലഹരിയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്പോൾ ഇതിനെതിരേ തുറന്ന യുദ്ധവുമായി ജൈത്രയാത്ര നടത്തുകയാണ് ഇദ്ദേഹം.
ഹൈബ്രിഡ് കഞ്ചാവ്, ബ്രൗണ്ഷുഗർ, ഹാഷിഷ് ഓയിൽ എന്നിവയ്ക്കു പുറമേ എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് തുടങ്ങിയ മാരക രാസലഹരി വസ്തുക്കളുടെ ഉപയോഗം പുതുതലമുറയിൽ വർധിച്ചുവരുന്പോൾ വ്യക്തികളും കുടുംബങ്ങളും നാടും തകർന്നടിയുകയാണ്. ഇതിനെതിരേ പ്രതിരോധക്കോട്ട തീർക്കാനുള്ള ശ്രമത്തിലാണ് സമൂഹം ഇന്ന്. ഈ ഉദ്യമത്തിൽ തോളോടുതോൾ ചേർന്ന് പങ്കാളിയാകുകയാണ് ജോയ്സ് മുക്കുടം.
ഇതിനോടകം 4,500ഓളം വേദികളിൽ ലഹരിക്കെതിരേ ബോധവത്കരണ സന്ദേശവുമായി ഇദ്ദേഹം എത്തിക്കഴിഞ്ഞു. കേരളത്തിനു പുറമേ വിദേശത്തും ലഹരിയുടെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ജനഹൃദയങ്ങളെ തൊട്ടുണർത്തിയിട്ടുണ്ട് ഈ മനുഷ്യ സ്നേഹി.
സീറോമലബാർ സഭ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറികൂടിയായ ഇദ്ദേഹം വിദ്യാർഥികൾ, യുവജനങ്ങൾ, നഴ്സുമാർ, അധ്യാപകർ, മാതാപിതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബസംഗമങ്ങൾ, ജൂബിലി ആഘോഷവേളകൾ, തിരുനാളുകൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർക്കുമായി ബോധവത്കരണം നടത്തുന്പോൾ നിരവധി ജീവിതങ്ങളെയാണ് ലഹരിയുടെ അടിമത്തത്തിൽനിന്നു പ്രത്യാശയുടെ തീരത്തേക്ക് അടുപ്പിക്കുന്നത്.
കണ്ണീരണിയിച്ച കഥകൾ
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോൾ നാലും അഞ്ചും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾവരെ ലഹരി ഉപയോഗിക്കുന്നുണ്ടെന്നു തിരിച്ചറിയാനായി. ഇതു തന്നെ ഏറെ വേദനിപ്പിച്ച ജീവിതാനുഭവമായെന്നാണ് ഇദ്ദേഹം പറയുന്നത്.
എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിക്ക് അടിമകളായ നിരവധി കുട്ടികളുടെ ജീവിതങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്നതു നേരിൽ കാണാനായിട്ടുണ്ട്. ഇവരിൽ പലരെയും ഡിഅഡിക്ഷൻ സെന്ററുകളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നത് ചുരുക്കംപേർ മാത്രം.
സുബോധം പോലും നഷ്ടപ്പെടുന്ന ജീവിതത്തിലേക്കാണ് അവസാനം അവർ ചെന്നെത്തുന്നത്. അതിനാലാണ് തെരുവോരങ്ങളിൽ പോലും ലഹരിക്കെതിരേ യാത്രയുമായി ഇറങ്ങിയതെന്ന് ഇദ്ദേഹം പറയുന്നു.
ഇരുട്ടിനെ പഴിക്കാതെ
വചനവിസ്മയം, പ്രത്യാശയുടെ വിസ്മയങ്ങൾ, കുടുംബ വിശുദ്ധീകരണ ധ്യാനങ്ങൾ, ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറുകൾ, പ്രോലൈഫ് സെമിനാർ, മോട്ടിവേഷൻ ക്ലാസുകൾ, മാജിക്കൽ റിട്രീറ്റ്, ബന്ധനങ്ങളേ വിട എന്നീ പേരുകളിലെല്ലാം ജോയ്സ് ലഹരിക്കെതിരേ പടവാളോങ്ങുന്നു.
എക്സൈസ്, ആരോഗ്യവിഭാഗം, നാഷണൽസർവീസ് സ്കീം തുടങ്ങി നിരവധി വകുപ്പുകളും വിവിധ സംഘടനകളും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയും നൽകിവരുന്നുണ്ട്. ഇരുട്ടിനെ പഴിക്കാതെ ഒരു ചെറു മണ്ചിരാതെങ്കിലും തെളിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.
മൂവാറ്റുപുഴ നിർമല കോളജിലെ അനധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ബൈക്കിൽ ലഹരിവിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകൾ സ്ഥാപിച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച് ടൗണുകളിലും ഗ്രാമങ്ങളിലുമെത്തി ലഹരിവിരുദ്ധ സന്ദേശം കൈമാറിയിരുന്നു.
ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് തൃശൂർ, കാക്കനാട്, മൂവാറ്റുപുഴ തുടങ്ങിയ ജയിലുകളിലും മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്. വനിതാ കമ്മീഷൻ, കുടുംബശ്രീ, ലഹരിവിമോചന കേന്ദ്രങ്ങൾ, ആരോഗ്യവിഭാഗം, പഞ്ചായത്തുകൾ എന്നിവയുമായെല്ലാം സഹകരിച്ച് നിരവധി പ്രോഗ്രാമുകൾ നടത്താനായി.
സർക്കാരും സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം ഉണർന്നുപ്രവർത്തിച്ചാലേ ഈ സാമൂഹ്യവിപത്തിനെ പിഴുതെറിയാനാകൂ. ഇതിനായി മാജിക്കെന്ന വിസ്മയകലാരൂപത്തെ മനോഹരവും വൈവിധ്യപൂർണവും ഹൃദയസ്പർശിയുമായി അവതരിപ്പിക്കുകയാണ് ജോയ്സ് മുക്കുടം ചെയ്യുന്നത്.
കോതമംഗലം രൂപത അവാർഡ്, കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷൻ അവാർഡ്, ബഹറിൻ സീറോമലബാർ സൊസൈറ്റി അവാർഡ്, ബഹറിൻ കേരളീയ സമാജം സാംസ്കാരിക സംഘടന അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.