മുളങ്കുന്നത്തുകാവ്: മരുന്നുകളുടെ ഗുണ നിലവാരം പരിശോധിക്കാൻ കേരളത്തിലെ മൂന്നാമത്തെ ഡ്രഗ്സ് ലബോറട്ടറി തൃശൂർ ഗവ.മെഡിക്കൽ കോളജ് കാന്പസിൽ പ്രവർത്തനം ആരംഭിച്ചു.എല്ലാ ബാച്ച് മരുന്നുകളുടെയും ഗുണ നിലവാരം ഇവിടെ പരിശോധിക്കും.
മെഡിക്കൽ കോളജ് കാന്പസിൽ തങ്ങല്ലൂർ റോഡിലാണ് ആധുനിക സജ്ജികരണങ്ങളോടെ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. വൻകിട കന്പനികളുടെ മരുന്നുകൾ വ്യജമായി നിർമിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ കേരളത്തിൽ വ്യാപകമായതിനെ തുടർന്നാണ് സർക്കാർതലത്തിൽ ഇത്തരം ഒരു സംരംഭം തുടങ്ങാൻ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാർ നിർദ്ദേശം നൽകിയത്.
തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ മരുന്നുകൾ ഇവിടെ പരിശോധിക്കും ലാബിന്റെ നിർമാണം പൂർത്തീകരിച്ച് മാസങ്ങളേറെയായെങ്കിലും ഇതിന്റെ ഉദ്ഘാാടനം നടന്നിരുന്നില്ല. നിപ്പ അടക്കമുള്ള രോഗങ്ങൾക്ക് വ്യജ മരുന്നുകൾ ഇറങ്ങുന്നതായി കണ്ടതിനെ തുടർന്ന് മരുന്നു പരിശോധന ലാബ് മന്ത്രിമാരുടെ ഉദ്ഘാടനത്തിനു വേണ്ടി കാത്തു നിൽക്കാതെ തുറന്ന് പ്രവർത്തിക്കുകയായിരുന്നു. ഒൗദ്യോഗിക ഉദ്ഘാടനം മന്ത്രിമാരുടെ സൗകര്യപ്രദമായ തിയതി കിട്ടിയ ശേഷമായിരിക്കും നടത്തുക.