സ്വന്തം ലേഖകൻ
തൃശൂർ ഗോവയും ബംഗളുരുവും കേന്ദ്രമാക്കി നൈജീരിയക്കാർ നിർമിക്കുന്ന അതിമാരകമായ സിന്തറ്റിക് ഡ്രഗുകളുടെ പ്രധാന ആവശ്യക്കാരായി മലയാളി പെണ്‍കുട്ടികൾ മാറുന്നു.
ആഘോഷവേളകൾ അതിരറ്റ ആനന്ദമുഹൂർത്തങ്ങളാക്കാൻ അതിർത്തികടന്നെത്തുന്ന ഇത്തരം സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെ യുവതലമുറ അപകടകമറിയാതെ സിരകളിലേക്ക് പടർത്തുകയാണ്.
കൊച്ചിയടക്കമുള്ള മെട്രോ നഗരങ്ങളിൽ ആഴത്തിൽ വേരൂന്നിയ സിന്തറ്റിക് ഡ്രഗ് മാഫിയ തൃശൂരിലും പിടിമുറുക്കിയെന്നതിന്റെ വ്യക്തമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പിടിച്ചെടുക്കപ്പെട്ട എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ഡ്രഗുകൾ .
പെണ്‍കുട്ടികളടക്കമുള്ളവർ സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നത് കൂടിയതോടെ ആണ് സിന്തറ്റിക് ഡ്രഗ് മാഫിയയുടെ പ്രിയപ്പെട്ട താവളമായി തൃശൂർ മാറിയിരിക്കുന്നത്.
കഴിഞ്ഞദിവസം തൃശൂരിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സിന്തറ്റിക് ഡ്രഗ് ടൈപ്പിലുള്ള മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കോവിഡും ലോക് ഡൗണും മൂലം മദ്യത്തിന്റെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ വൻതോതിലാണ് സിന്തറ്റിക് ഡ്രഗുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയത്.
മദ്യം നൽകുന്നതിനേക്കാൾ കൂടുതൽ നേരം ലഹരി നീണ്ടുനിൽക്കും എന്നതും മദ്യത്തിന്റെ മണം സിന്തറ്റിക് മയക്കുമരുന്നുകൾക്ക് ഇല്ല എന്നതും ഇത്തരം ലഹരിമരുന്നുകൾ ആവശ്യക്കാരെ ആകർഷിക്കുന്നു.
മയക്കുമരുന്നെങ്കിലും മയങ്ങില്ല
സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്പോൾ അബോധാവസ്ഥയല്ല മറിച്ച് ഉൻമാദത്തിന്റെയും മറ്റൊരു തലത്തിലുള്ള മൂഡിന്റെയും അവസ്ഥയാണത്രെ ഉണ്ടാവുക.
മയക്കുമരുന്നെങ്കിലും എം.ഡി.എം.എ പോലുള്ളവ ഉപയോഗിക്കുന്പോൾ ഉറക്കം വരില്ലെന്നും മണിക്കൂറുകളോളം ഉറങ്ങാതെ അതിന്റെ ഹാംഗ്ഓവറിലിരിക്കുമെന്നും പറയുന്നു.
അതുകൊണ്ടു തന്നെ ദീർഘനേരം പഠിക്കാനായി ഇരിക്കുന്ന പ്രൊഫഷണൽ കോഴ്സ് വിദ്യാർഥികൾ, പ്രത്യേകിച്ച് മെഡിക്കൽ വിദ്യാർത്ഥികളിൽ പലരും ഇത്തരം സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വൈകീട്ട് മുതൽ പുലർച്ചെ വരെ ഉറങ്ങാതിരുന്ന് പഠിക്കാൻ വേണ്ടി ഇത്തരം മനുഷ്യനിർമിത മരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.
പൊതുവെ പാർട്ടി ഡ്രഗ് ആയി അറിയപ്പെടുന്ന ലഹരിവസ്തുവാണിത്. പാർട്ടികളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് അവർ അറിയാതെ ജ്യൂസുകളിലും മദ്യത്തിലും കലക്കി നൽകുന്നതിനായിട്ടാണ് ഗുളിക രൂപത്തിൽ എം.ഡി.എം.എ വിൽക്കുന്നത്. ഹാപ്പിനെസ് ഡ്രഗ് എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്.
കേരളത്തിലേക്ക് സുലഭമായെത്തും
കേരളത്തിലെ യുവതലമുറ മദ്യവും കഞ്ചാവും ഉപയോഗിക്കുന്നതിനേക്കാൾ ഇപ്പോൾ താത്പര്യം കാണിക്കുന്നത് സിന്തറ്റിക് ഡ്രഗുകൾ ഉപയോഗിക്കാനാണത്രെ.
ഗോവ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ ഇവയെത്തുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് സിന്തറ്റിക് ഡ്രഗ് മാഫിയ പ്രവർത്തിക്കുന്നത്.
തൃശൂരടക്കമുള്ള ജില്ലകളിലേക്ക് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ഇത്തരം മയക്കുമരുന്നുകൾ എത്തുന്നുണ്ട് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
ബംഗളൂരുവിൽ നിന്നാണ് കൂടുതലായി സിന്തറ്റിക് ഡ്രഗ് മാഫിയ കേരളത്തിലേക്ക് ആളെക്കൊല്ലിയായ ഇത്തരം മാരക മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നത്.
ബംഗളൂരുവിൽ ഐടി മേഖലയിലും മറ്റും ജോലിചെയ്യുന്ന പലരും വിദ്യാർത്ഥികളും ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.
ഇവരിൽ പലരും ഇവയുടെ കാരിയർമാരായും പ്രവർത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പെണ്‍കുട്ടികളുമുണ്ട്.പോലീസോ എക്സൈസോ പിടികൂടാനെത്തുന്നുവെന്നറിഞ്ഞാൽ ഉപേക്ഷിക്കാൻ എളുപ്പമുള്ള രീതിയിലായിരിക്കും പലപ്പോഴും ഇവർ സിന്തറ്റിക് ഡ്രഗുകൾ പായ്ക്കു ചെയ്തു കൊണ്ടുവരുന്നത്.