തൃശൂർ; വ്യാജ മദ്യം പോലെ സിന്തറ്റിക് ഡ്രഗിലുമുണ്ട് ലോക്കലും സൂപ്പറും. നൈജീരിയക്കാർ ഗോവയിലും ബംഗളൂരുവിലും തന്പടിച്ച് നിർമിക്കുന്ന സിന്തറ്റിക് ഡ്രഗാണ് സൂപ്പർ. ഇവർ ലഹരി മരുന്നുണ്ടാക്കുന്നതിൽ വിദഗ്ധരാണ്.
ഇവരുടെ മരുന്നുകൂട്ട് ആർക്കും കൈമാറില്ല. അതുകൊണ്ടുതന്നെ നൈജീരിയക്കാരുണ്ടാക്കുന്ന സിന്തറ്റിക് ഡ്രഗുകൾ ഏറെ നേരം ലഹരി നൽകുന്നതാണ്.
എന്നാൽ നൈജീരിയക്കാർ ചെയ്യുന്നതു പോലെ പല കെമിക്കലുകളും കൂട്ടിചേർത്ത് പ്രാദേശികമായി ഉണ്ടാക്കുന്ന ലോക്കൽ സാധനങ്ങൾക്ക് വീര്യം കുറവത്രെ.
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സിന്തറ്റിക് ഡ്രഗുകൾക്ക് ഡിമാന്റ് കൂടിയതോടെ നൈജീരിയക്കാർക്ക് ഇന്ത്യ പ്രിയപ്പെട്ട താവളമായിട്ടുണ്ട്.
ഗോവയിലും ബംഗളൂരുവിലും നൈജീരിയക്കാർ ഗ്രാമിന് മൂവായിരവും നാലായിരവും വാങ്ങി വിൽക്കുന്ന സിന്തറ്റിക് ഡ്രഗുകൾ കേരളത്തിലെത്തുന്പോൾ വില ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം വരെയെത്തും.
ശരീരത്തിന് അതിഹാനികരം
മനുഷ്യശരീരത്തിന് അതിഹാനികരമായ കെമിക്കൽസ് ഉപയോഗിച്ച് നിർമിക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ളതും, പാർട്ടികളിൽ പങ്കെടുക്കുന്ന പെണ്‍കുട്ടികൾക്ക് ജ്യൂസിൽ കലക്കി കുടിക്കാവുന്ന തരത്തിലുള്ള ഗുളിക രൂപത്തിൽ ഉള്ളതുമായ നിരോധിത എം.ഡി.എം.എയുമായാണ് കഴിഞ്ഞ ദിവസം തൃശൂരിൽ യുവാവ് അറസ്റ്റിലായത്.
തൃശൂരിൽ ചില മാളുകളും ടാറ്റൂ കേന്ദ്രങ്ങളും ഇത്തരം ന്യൂജൻ മയക്കുമരുന്ന് വിതരണ ഇടപാടിലുണ്ട് എന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു.
തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതികളും ഉപയോഗിക്കുന്നു
യുവാക്കൾക്കൊപ്പം യുവതികളും വൻതോതിൽ ഇത്തരത്തിലുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളിൽ നിന്നും ഇടപാടുകാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
എം.ഡി.എം.എ എന്ന ലഹരിമരുന്ന് കേരളത്തിൽ യുവാക്കൾക്കിടയിൽ മെത്ത്, കല്ല്, പൊടി, കൽക്കണ്ടം എന്നീ കോഡ് പേരുകളിൽ അറിയപ്പെടുന്ന ഡിമാൻഡ് ഉള്ള ഐറ്റമാണ്.
ഈ മയക്കുമരുന്ന് വായിലൂടെയും മൂക്കിലൂടെയും ഉപയോഗിക്കുന്പോൾ ചിലർ ഇന്റജക്ഷൻ രൂപത്തിലും ഉപയോഗിക്കുന്നു.
അരമണിക്കൂർ മുതൽ ആറും എട്ടും മണിക്കൂർവരെ ഉപയോഗിച്ച ആളുടെ നാഡി വ്യവസ്ഥയെ ലഹരി നിലനിൽക്കും. ഇതിന്റെ തുടർച്ചയായ ഉപയോഗം വൃക്കയേയും ഹൃദയത്തേയും ബാധിക്കുന്നു. ഇതിന്റെ അമിത ഉപയോഗത്തിൽ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
നൈജീരിയക്കാർ ഉണ്ടാക്കുന്നു, മലയാളി പെണ്‍കുട്ടികൾ സിരകളിലേക്കെടുക്കുന്നു;സിന്തറ്റിക് ഡ്രഗ് മാഫിയ തൃശൂരിലും പിടിമുറുക്കുന്നു