കോഴിക്കോട്: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതിന്റെ പേരിലുള്ള കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിവിമുക്ത ചികിത്സയ്ക്കു വിധേയരാകുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ലഹരിയില്‍നിന്നു മോചിതരാകാന്‍ ചികിത്സ തേടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണു പോലീസ്.
രോഗികളുടെ പൂര്‍ണ വിവരങ്ങള്‍ നല്കാന് ആവശ്യപ്പെട്ട് ഇത്തരം ചികിത്സാ കേന്ദ്രങ്ങള്‍ക്കു പോലീസ് നോട്ടീസ് നല്‍കിവരികയാണ്. പോലീസ് നടപടി വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പോലീസ് നീക്കത്തിനെതിരേ രംഗത്തുവന്നു.
ആശുപത്രികളില്‍നിന്നു ലഹരി വിമോചന ചികിത്സയ്ക്കു വിധേയരായവരുടെ പേര്, വയസ്, വിലാസം തുടങ്ങിയ വിവരങ്ങളാണു പോലീസ് ശേഖരിക്കുന്നത്. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സ്വകാര്യ ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്നെല്ലാം പോലീസ് വിവരം തേടുന്നുണ്ട്. ചികിത്സയ്ക്ക് വിധേയരായവര്‍ക്കു മയക്കുമരുന്ന് എത്തിച്ചുകൊടുത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് ലഹരിവേട്ട നടത്തുകയാണ് പോലീസിന്റെ ലക്ഷ്യമെങ്കിലും ഇത്തരം നീക്കം നിയമവിരുദ്ധമാണെന്നാണു സൈക്യാട്രിസ്റ്റുകള്‍ പറയുന്നത്.
2017ലെ മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം രോഗിയുടെ ചികിത്സാ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് സൈക്യാട്രിസ്റ്റിന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. ഇത്തരത്തില്‍ പോലീസ് ചോദിക്കുന്ന വിവരങ്ങള്‍ കൈമാറുന്നതു രോഗിയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡന്റ് ഡോ. മോഹന്‍ സുന്ദരം പറഞ്ഞു.
1985ലെ നാര്‍ക്കോട്ടിക് ഡ്രഗ് ആന്‍ഡ് സൈകോട്രോപിക് ആക്ട് പ്രകാരം ലഹരിവിമുക്ത ചികിത്സ തേടുന്നവരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിയമവ്യവസ്ഥ പ്രകാരവും ലഹരി വിമുക്ത ചികിത്സ തേടിയ രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ പോലീസ് ആവശ്യപ്പെട്ടാല്‍ അതു നല്കാന് നിര്ബന്ധിതരല്ലെന്നു വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിന് അടിമകളായ ധാരാളം യുവാക്കള്‍ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലും ചികിത്സ തേടി എത്തുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ സ്വകാര്യമായി വയ്ക്കും എന്ന വിശ്വാസത്തിലാണ് മിക്കവരും ചികിത്സയ്ക്ക് എത്തുന്നത്. എന്നാല്‍, പേരുവിവരങ്ങള്‍ പോലീസിനു കൈമാറിയാല്‍ അവര്‍ പോലീസിന്റെ നോട്ടപ്പുള്ളികളായി മാറുമെന്നാണ് വിമര്‍ശനം. ഇതു ലഹരിമുക്ത ചികിത്സാ കേന്ദ്രങ്ങളില്‍ പോകുന്നതില്‍നിന്നു ചെറുപ്പക്കാരെ പിന്തിരിപ്പിക്കുമെന്നാണ് സൈക്യാട്രിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
എം. ജയതിലകന്‍