കോഴിക്കോട്: ലഹരി ഉപയോഗത്തിന് പുതു തന്ത്രവുമായി വിദ്യാര്‍ഥികള്‍. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന വീര്യം കൂടിയ വേദനസംഹാരികള്‍ മെഡിക്കല്‍ഷോപ്പുകളില്‍ നിന്ന് ലഭിക്കുന്നതിനായാണ് വിദ്യാര്‍ഥികള്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ചീട്ട് വാങ്ങി അതില്‍ ഡോക്ടറുടേതെന്ന് തോന്നിപ്പിക്കും വിധത്തില്‍ രോഗവിവരങ്ങളും മരുന്നുകളും എഴുതി ചേര്‍ത്താണ് “തട്ടിപ്പ്’ നടത്തുന്നത്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മരുന്നു കുറപ്പടിയുമായി എത്താറുണ്ടെന്ന് നഗരത്തിലെ പ്രമുഖ മെഡിക്കല്‍ഷോപ്പ് ജീവനക്കാര്‍ പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ കഞ്ചാവ്, ലഹരി ഗുളികകള്‍ എന്നിവ വ്യാപകമായി വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് എക്സൈസും പോലീസും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പരിശോധന കര്‍ശനമാക്കുകയും വിദ്യാര്‍ഥികള്‍ക്ക് ലഹരി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നവരെ പിടികൂടുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ലഹരി ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് കുറയുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വേദനസംഹാരികളും മറ്റു ഉത്തേജകമരുന്നുകളും വില്പന നടത്തരുതെന്ന് നാര്‍ക്കോട്ടിക് സ്ക്വാഡുകളും ഡ്രഗ്സ് കണ്ട്രോള് ബോര്‍ഡും മെഡിക്കല്‍ഷോപ്പുകള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ പുതിയ തട്ടിപ്പ് നടത്തുന്നത്.
വിദ്യാര്‍ഥികള്‍ ഇപ്രകാരം ഒപി ചീട്ടുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ചീട്ടിനായി നില്ക്കുന്ന വിദ്യാര്‍ഥികളോട് രോഗവിവരത്തെ കുറിച്ച് വ്യക്തമായി ചിലര്‍ ചോദിച്ചറിയുകയും ചെയ്യുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്ന രീതിയില്‍ മയക്കുമരുന്ന് വില്പനക്കാരും ഏജന്റുമാരും പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ഒപി ചീട്ട് വാങ്ങുകയും ഡോക്ടര്‍മാര്‍ എഴുതുന്ന രീതിയില്‍ രോഗവിവരങ്ങളും അതിനുള്ള മരുന്നുകളും പ്രത്യേകമായി തന്നെ എഴുതുകയാണ് ചെയ്യുന്നത്.
പലരും ന്യൂറോ സംബന്ധമായുള്ള അസുഖത്തെ കുറിച്ചാണ് ചീട്ടില്‍ എഴുതുന്നത്. ഇത്തരം അസുഖങ്ങള്‍ക്കായുള്ള ഗുളികകള്‍ ലഹരിക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വിശ്വാസ്യതയ്ക്കു വേണ്ടി രോഗിയുടെ പ്രഷറും ഒപി ചീട്ടില്‍ പ്രത്യേകമായി എഴുതുന്നുണ്ട്.
സാധാരണ രീതിയില്‍ എഴുതിയാല്‍ സംശയം തോന്നുമെന്നതിനാല്‍ ഡോക്ടറുടേതെന്ന് തോന്നിപ്പിക്കും വിധത്തില്‍ മരുന്നുകളുടെ പേരുകള്‍ ചുരുക്കി എഴുതിയുള്ള ചീട്ടുമായാണ് വിദ്യാര്‍ഥികള്‍ എത്താറുള്ളതെന്നാണ് മെഡിക്കല്ഷോപ്പിലുള്ളവര് പറയുന്നത്.
തിരക്കേറിയ മെഡിക്കല്ഷോപ്പുകളിലാണ് ഇവര്‍ ചീട്ടുമായി എത്തുന്നത്. തിരക്കുള്ളസമയത്ത് ആശുപത്രിയുടെ സീലുണ്ടോയെന്ന് വിശദമായി നോക്കാന്‍ കഴിയില്ല. അത്തരം ഷോപ്പുകളെയാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ലഹരി ഗുളികകള്‍ ലഭിച്ചാല്‍ സ്വയം ഉപയോഗിക്കുന്നവരാണേറേയമുള്ളത്. അതേസമയം വില്പന നടത്താന്‍ വേണ്ടി ഏജന്റുമാരും ഇത്തരം തന്ത്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഗുളികകള്‍ ഇരട്ടിയോളം വിലയ്ക്കാണ് ഇവര്‍ മറിച്ചു വില്‍ക്കുന്നതെന്നാണ് അറിയുന്നത്.
ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു കൂടുതലായും ലഹരി ഗുളികകള്‍ കേരളത്തില്‍ എത്തിച്ചിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മറ്റും പോലീസും എക്സൈസും പരിശോധന ശക്തമാക്കിയതോടെ ഗുളികകളുടെ വരവ് കുറഞ്ഞിരുന്നു.