കൊച്ചി: മലയാള സിനിമയിലെ പുതുതലമുറയിലെ ചില നടന്മാര്ക്കിടയില് ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കൈമാറാന്‍ അസോസിയേഷന് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച് ലഹരിമാഫിയയുടെ വിതരണ ശൃംഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലൊക്കേഷനുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നില്ലെന്ന് സിനിമാപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എവിടേയും പരിശോധന നടത്താന്‍ പോലീസ് തയാറാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമ ലൊക്കോഷനുകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തോട് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നും വ്യക്തമായ പരാതി ലഭിക്കാറില്ലെന്നും അദേഹം വിശദീകരിച്ചു.