കോഴിക്കോട്: വയനാട്ടിൽ കോളജ് ഹോസ്റ്റലില്‍നിന്ന് അവധിദിനത്തില്‍ ടൂറിനിറങ്ങിയ അഞ്ച് വിദ്യാര്‍ഥിനികള്‍ സദാചാര പോലീസിംഗിന് ഇരയായി.
ഇതുമായി ബന്ധപ്പെട്ടുള്ള പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയുംചെയ്തു. പെണ്‍കുട്ടികൾക്കു നിര്‍ബന്ധിച്ച് മയക്കുമരുന്നുള്‍പ്പെടെ നൽകുന്ന വീഡിയോകളാണ് പ്രചരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വയനാട്ടിലെ ഒരു കോളജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനികളാണ് കോളജിന് തൊട്ടടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത്. കുറച്ചുപേര്‍ പെൺകുട്ടികളുടെ അടുത്തുകൂടുകയും ‘കമ്പനി’ നല്കാന് ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് വിവരം.
ഇവര്‍ നിര്‍ബന്ധിച്ച് ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്രെ. നിര്‍ബന്ധത്തിനുവഴങ്ങി പെണ്‍കുട്ടികളില്‍ ചിലര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. പ്രദേശവാസികളില്‍ ഒരാള്‍ ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ ഇട്ടു.
വീഡിയോ പുറത്തുവന്നതോടെ കോളജ് അധികൃതർ അഞ്ചു പെണ്‍കുട്ടികളെയും കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ലഹരിമാഫിയയ്ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കോളജ് അധികൃതര്‍ പറയുന്നു.
അതേസമയം, അവധി ദിനത്തിലാണ് ടൂര്‍ പോയതെന്നും സദാചാര പോലീസിംഗിന് തങ്ങൾ ഇരയാവുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടികള്‍ പറയുന്നത്.