സ്വന്തം ലേഖകൻ
തൃശൂർ: ഫ്ലാറ്റിലെ സ്ഥലപരിമിതികൾക്കിടെ കാർ പാർക്കിനരികിൽ ഡ്രമ്മിൽ നട്ട വാഴ വിളവുതന്നതിന്റെ സന്തോഷത്തിലാണ് കണ്ണംകുളങ്ങര നെയ്യൻ വീട്ടിൽ സിജി ജെയ്സ്.
ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് മുറ്റത്തോ, ടെറസിലോ കൃഷി ചെയ്യാൻ പരിമിതിയുണ്ട്. ഇതു മറികടന്നാണു കണ്ണംകുളങ്ങര ജംഗ്ഷനിൽ ശക്തൻ റീജൻസി അപ്പാർട്ട്മെന്റിൽ ആറാം നിലയിൽ താമസിക്കുന്ന സിജി വാഴ കൃഷി ചെയ് തു വിജയിച്ചിരിക്കുന്നത്.
സിജി വച്ച മൂന്നു വാഴകളിൽ ആദ്യത്തേതിൽനിന്ന് 15 കിലോ വരുന്ന കുല വിളവെടുത്തു.ഫ്ലാറ്റിനു താഴെ കാർ പാർക്ക് ചെയ്യുന്നിടത്ത് അതിരുപോലെയുള്ള അല്പം സ്ഥലത്ത് ഡ്രമ്മുകളിൽ മണ്ണ് നിറച്ചായിരുന്നു വാഴ കൃഷി.
പരിമിതമായ സ്ഥലത്ത് ഗ്രോബാഗിൽ പച്ചക്കറികൾ വളർത്തി വിജയിച്ചതാണു കൗതുകത്തിനായി ഒരു വാഴ വച്ചു നോക്കാൻ സിജിയെ പ്രേരിപ്പിച്ചത്. ഉപയോഗ ശ്യൂന്യമായ ഡ്രമ്മിൽ മണ്ണ് നിറച്ച് ഒരു റോബസ്റ്റ് വാഴത്തൈ ആദ്യം വച്ചു.
ആദ്യ വാഴ കുലച്ചപ്പോൾ രണ്ടു വാഴകൾ കൂടി ഇതേ രീതിയിൽ നടുകയായിരുന്നു. രണ്ടാമതു നട്ട വാഴകളും ആരോഗ്യത്തോടെ വളരുന്നുണ്ട്.
ഡ്രമ്മിൽ വാഴ നട്ടത് കണ്ടവരെല്ലാം ഇവ കുലയ്ക്കാൻ സാധ്യത കുറവാണെന്ന് പറഞ്ഞു. കുലച്ചില്ലെങ്കിലും വിശേഷ ദിനങ്ങളിൽ ഉൗണ് വിളന്പാനും അട ചുടാനുമെല്ലാം വാഴയില കിട്ടുമല്ലോ എന്ന് സിജിയും കരുതി. പൂർണമായും ജൈവ രീതിയിലായിരുന്നു കൃഷി.
മതിലിനോട് ചേർന്ന് ഗ്രോ ബാഗിലും ചട്ടികളിലുമായി വീട്ടാവശ്യത്തിനു വേണ്ടി പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ തുടങ്ങിയ പച്ചക്കറികളെല്ലാം ചുരുങ്ങിയ സ്ഥലത്തുതന്നെ ഇവർ കൃഷി ചെയ്യുന്നുണ്ട്.
ടിടിസി, എംബിഎ ബിരുദധാരിയായ സിജി കണ്ണംകുളങ്ങര ക്രിസ്തുരാജ ദേവാലയത്തിലെ വിശ്വാസ പരിശീലന അധ്യാപിക കൂടിയാണ്. ഭർത്താവ് ജെയ്സ് തോമസും സ്കൂൾ വിദ്യാർഥികളായ മക്കൾ കെനസ്, ഡോണസ് എന്നിവരും കൃഷി പരിപാലനത്തിനു സിജിയെ സഹായിക്കുന്നു.