സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ അതിമാരകങ്ങളായ മയക്കുമരുന്നു നിർമാണവുമായി മാഫിയ സജീവം. നേരത്തെ മയക്കുമരുന്നുകളാണ് ഇതരസംസ്ഥാനത്തുനിന്ന് കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മയക്കുമരുന്ന് നിർമാണത്തിനുള്ള കെമിക്കലുകളാണ് കൊണ്ടുവരുന്നത്.
ഇങ്ങനെ എത്തിക്കുന്ന കെമിക്കലുകൾ ഇവിടെവച്ച് നിശ്ചിത അനുപാതത്തിൽ കൂട്ടിച്ചേർത്താണ് അതിമാരകങ്ങളായ മയക്കുമരുന്നുകൾ നിർമിക്കുന്നതെന്നാണ് എക്സൈസിനു ലഭിച്ചിരിക്കുന്ന വിവരം.
കെമിക്കലുകൾ കൊണ്ടുവരുന്നതിനു നിയന്ത്രണങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ ഇത്തരത്തിൽ ഇവ കൊണ്ടുവന്നു കേരളത്തിലെ സുരക്ഷിതസ്ഥലങ്ങളിൽവച്ച് മിക്സ് ചെയ്ത് ഫ്രഷായ സ്റ്റഫ് ആവശ്യക്കാർക്കു കൊടുക്കാൻ കഴിയുന്നുവെന്നതിനാൽ മയക്കുമരുന്നു നിർമാണം തഴച്ചുവളരുന്നുവെന്നാണ് സൂചന.
മയക്കുമരുന്നുകളുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് എക്സൈസിനു ചില സൂചനകൾ ലഭിച്ചത്.
ബംഗളൂരുവിൽ ആഫ്രിക്കക്കാർ ഇത്തരത്തിൽ കെമിക്കലുകൾ പ്രത്യേക അനുപാതത്തിൽ മിക്സ് ചെയ്ത് വീര്യംകൂടിയ അതിമാരക മയക്കുമരുന്നുകൾ ഉണ്ടാക്കിയിരുന്നു.
ആ ആഫ്രിക്കൻ സംഘം കേരളത്തിലെത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇവിടെ മയക്കുമരുന്നുണ്ടാക്കാൻ അറിയുന്നവരുണ്ടെങ്കിലും ആഫ്രിക്കൻ സംഘത്തിന്റെ മിക്സിംഗ് മികച്ചതാണെന്നും ദീർഘനേരം ലഹരി നീണ്ടുനിൽക്കുന്ന സ്റ്റഫാണ് അവർ നിർമിക്കുന്നതെന്നുമാണ് വിവരം.
അതിമാരക മയക്കുമരുന്നുകളായ എൽഎസ്ഡി സ്റ്റാന്പുകൾ, എംഡിഎംഎ ഗുളികകൾ, പൗഡർ രൂപത്തിലുള്ള എംഡിഎംഎ എന്നിവയെല്ലാം നിർമിക്കുന്നതിൽ വിദഗ്ധരായവരാണ് കേരളത്തിൽ മയക്കുമരുന്നുനിർമാണത്തിനു ചുക്കാൻ പിടിക്കുന്നതെന്നും എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്.