ബംഗളൂരു: കർണാടകയിലെ കുടിയന്മാരുടെ സംഘടനയായ കർണാടക ആൽക്കഹോൾ ലവേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങളുയർത്തി സമരം സംഘടിപ്പിച്ചു. ‘കഠിനാധ്വാനം ചെയ്യുക, സത്യം പറയുക, അൽപ്പം കുടിക്കുക, വീട്ടിലേക്കു നടക്കുക’ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു കുടിയന്മാരുടെ സമരം. ഇവർ പിന്നീടു തൊഴിൽ മന്ത്രി സന്തോഷ് ലാഡുവിനെ നേരിൽ കണ്ട് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കുകയുംചെയ്തു.
അവരുടെ ആവശ്യങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ടേ:
1. ‘കുടിയൻ’ എന്ന വാക്ക് നിരോധിക്കണം. പകരം ‘മദ്യപ്രേമികൾ’ എന്നാക്കി മാറ്റണം. 2. മദ്യപാനികൾക്കായി ക്ഷേമനിധി രൂപീകരിക്കണം. 3. മദ്യവിൽപനയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 10 ശതമാനം കുടിയന്മാരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കണം. 4. കരൾ തകരാറിലായാൽ സർക്കാർ ചെലവ് വഹിക്കണം. 5. ബാറുകളിൽ ശുചിത്വം പാലിക്കണം.
6. ബാറുകൾക്ക് സമീപം ആംബുലൻസ് സ്ഥാപിക്കണം. 7. മദ്യപ്രേമികളുടെ ഭവനം നിർമിക്കണം. 8. ഡിസംബർ 31 മദ്യപ്രേമികളുടെ ദിനമായി പ്രഖ്യാപിക്കണം. 9. മദ്യപ്രേമി മരിച്ചാൽ കുടുംബത്തിനു 10 ലക്ഷം രൂപ നൽകണം. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ടു ശേഖരിക്കുന്ന ഫണ്ടിൽനിന്ന് ഈ പണം കണ്ടെത്തണം. 10. മദ്യപാനികളെ വിവാഹം കഴിക്കുന്ന വധുവിനു രണ്ടുലക്ഷം രൂപ നൽകണം.
കുടിയന്മാരുടെ ആവശ്യങ്ങൾ കേട്ട് കൈയടിക്കും മുൻപ് മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്ന് ഓർക്കുക.