തെരുവു നായയെ പോലും വെറുതെ വിടുകയില്ല ! മദ്യപിച്ച് പൂസായ കെട്ടിട നിര്‍മാണ തൊഴിലാളി തെരുവുനായയുടെ ചെവി കടിച്ചു മുറിച്ചു

കൊല്‍ക്കത്ത: മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ അധപതിച്ച കാലമാണിത്. ഒരു കാര്യവുമില്ലെങ്കിലും അവന്‍ സഹജീവികളെ ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. തെരുവുനായയെപ്പോലും വെറുതെവിടാത്ത തരത്തിലേക്കാണ് മനുഷ്യന്‍ അധപതിച്ചിരിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയില്‍ മദ്യപിച്ചു ലക്കുകെട്ടയാള്‍ ചെയ്തതറിഞ്ഞാല്‍ ബോധമുള്ളവരുടെ വരെ ബോധംപോകും. മദ്യലഹരിയില്‍ തെരുവുനായയുടെ ചെവി കടിച്ചു മുറിക്കുകയാണ് ഇയാള്‍ ചെയ്തത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ശംഭുനാഥ് ധാലിയെന്നയാളാണ് നായയെ കടിച്ചത്.

എല്ലാദിവസവും രാത്രി ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് വഴിയില്‍ കിടന്നുറങ്ങാറുണ്ടെന്നും നാട്ടുകാര്‍ ചീത്ത വിളിച്ചാലും കാര്യമില്ലെന്നും സമീപവാസികള്‍ പറഞ്ഞു. മാത്രമല്ല, വഴിയില്‍ പോകുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവവും ഇയാള്‍ക്കുണ്ട്. ഞായറാഴ്ച, സമാനാവസ്ഥയില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയ ധാലി തെരുവുനായ്ക്കളെ ആക്രമിക്കാന്‍ ശ്രമിക്കുകയും നായയുടെ ചെവി കടിച്ചു മുറിക്കുകയുമായിരുന്നു. സംഭവശേഷം നാട്ടുകാരെ ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. പിന്നീട് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Related posts