കുടുംബം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറുകയും ട്രാന്‍സ്ഫോമറിലേക്ക് കാറോടിച്ചു കയറ്റുകയും ചെയ്ത മധ്യവയസ്കന് റിമാന്‍ഡില്‍.
ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്ലിയെ (53) ആണു സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ആഷ്ലിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനസിക വെല്ലുവിളികളുണ്ടെന്ന് പറയപ്പെടുന്ന ആഷ്്ലി ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയാണ്.
സംഭവത്തിന്റെ ഞെട്ടലില്‍നിന്നും കീര്‍ത്തന ഇതുവരെ മുക്തയായിട്ടില്ല. വ്യാഴാഴ്ച രാത്രി 10.50നാണ് സംഭവം.
വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യ കീര്‍ത്തനയും മകളും രാത്രി സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങവേ തട്ടുകടയില്‍ നിന്നു ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്തു കാര്‍ നിര്‍ത്തി.
മകളെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങിയത്. ഈ സമയം ബാറില്‍ നിന്നു വന്ന ആഷ്ലി ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തി കാറില്‍ കയറി.
കീര്‍ത്തന ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാള്‍ കാറുമായി മുന്നോട്ടു നീങ്ങി. ചോറ്റാനിക്കര ഭാഗത്തേക്ക് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു സമീപത്തെ പാനിപ്പൂരി കടയില്‍ ഇടിച്ച ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറി.
ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലിയുടെ തറയില്‍ തട്ടി കാര്‍ നിന്നതിനാലാണു വലിയ ദുരന്തം ഒഴിവായത്.
തലനാരിഴയ്ക്കാണ് കീര്‍ത്തനയും രണ്ടര വയസ്സുകാരി മകളും രക്ഷപ്പെട്ടത്. കീര്‍ത്തനയ്ക്ക് ചെറിയ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്.
കാറിന്റെ ചില്ല് തെറിച്ച് വീണ് കുഞ്ഞിന് നേരിയ മുറിവും. പിന്നാലെ ഓടിവന്ന ശ്രീജിത്തും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.
എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് കീര്‍ത്തനയും മകളും ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.