കൊച്ചി: ആര്ക്കു ബാധകൂടിയാലും കോഴിയ്ക്കു കിടക്കപ്പൊറുതിയില്ലെന്നു പറയുന്നത് എത്ര സത്യം. ഇപ്പോള് ബീഫിന് നിരോധനം ഏര്പ്പെടുത്തിയപ്പോഴും ബലിയായത് കോഴി തന്നെ. അയല്വാസി തങ്ങളുടെ കോഴിയെ മോഷ്ടിച്ചു കറിവച്ചു എന്ന പരാതിയിന് മേലാണ് പോലീസുകാര് വടക്കന് പരവൂരിലെത്തിയത്. എന്നാല് പോലീസെത്തുമ്പോഴേക്കും വീടിന്റെ പിന്വാതിലിലൂടെ കോഴിക്കള്ളന് രക്ഷപ്പെട്ടപ്പോള് പോലീസ് ഇളിഭ്യരായി. വടക്കന് പറവൂരിലെ കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്താണ് കോഴിക്കള്ളനും പൊലീസും തമ്മിലുള്ള രസകരമായ കളി നടന്നത്.
കൈതാരം ഗവ. ഹയര് സെക്കന്ഡറി സ്കൂളിന് സമീപം ഇല്ലത്ത് പറമ്പില് ജയന്(48) ആണ് അയല്വാസിയായ കരിയിലപ്പറമ്പ് മമ്മദിന്റെ കോഴിയെ കഴിഞ്ഞദിവസം മോഷ്ടിച്ചത്. നിര്മ്മാണ തൊഴിലാളിയായ ജയന് അല്പസ്വല്പ്പം മദ്യപിക്കുന്ന ആളാണ്. കഴിഞ്ഞ ദിവസം മമ്മദ് വീട്ടില് ഇല്ലാതിരുന്ന സമയത്താണ് മമ്മദിന്റെ കോഴികളിലെ ഒരു പൂവനെ തീറ്റ നല്കി വശത്താക്കിയത്. കോഴിയെ പിടികൂടി പപ്പും പൂടയും പറിച്ച് മസാലയിട്ട് കുക്കറില് വച്ച്് കൃത്യം രണ്ടു വിസില് മുഴങ്ങിയപ്പോഴതാ മുറ്റത്ത് പോലീസ്. പോലീസ് എത്തിയെന്ന് ഒരു അയല്വാസി ജയനു സൂചനകൊടുത്തതും വീടിന്റെ പിന്വാതിലിലൂടെ ജയന് സ്ഥലം കാലിയാക്കി. ഒടുവില് പോലീസിനു വെറുംകൈയ്യോടെ തിരിച്ചുപോരേണ്ടി വന്നു.
കോഴിയിറച്ചിക്ക് വില കൂടുകയും ബീഫ് കിട്ടാതാകയും ചെയ്തതാണ് ജയനെ ഈ സാഹസികതയ്ക്കു പ്രേരിപ്പിച്ചത്.അതിനിടെ ജയന് പിടികൂടി കൊന്ന കോഴി അയല്വാസി മമ്മദിന്റെയല്ലായെന്നും മമ്മദ് മറ്റു വീടുകളില് നിന്നുള്ള കോഴികളെ തീറ്റ നല്കി വശത്താക്കിയതാണെന്നാണ് ജയന്റെ വീട്ടുകാരുടെ വാദം.