തിരഞ്ഞെടുപ്പിന്റെ ക്ഷീണം അകറ്റാന്‍ രണ്ടെണ്ണം അടിച്ച് ബസ്സിലിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു ബോധോദയം ഉണ്ടാകുന്നത്.
വോട്ടെല്ലാം മെഷീനിലായി ഇനി എന്തിന് വിവിപാറ്റ് സ്‌ളിപ്പുകള്‍ സൂക്ഷിക്കണം. മദ്യത്തിന്റെ ഓരോരോ കളികളേ… പിന്നെ ഒന്നും നോക്കിയില്ല വിവിപാറ്റ് സ്ലിപ്പുകള്‍ സൂക്ഷിച്ച പെട്ടിയെടുത്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്കൊരേറ്.
വെളിയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കല്ലുവാതുക്കല്‍ വിളവൂര്‍ക്കോണം സുരേഷ്‌കുമാറാണ് തിരഞ്ഞെടുപ്പില്‍ പുതുമാതൃക തീര്‍ത്ത് സസ്പെന്‍ഷന്‍ സ്വന്തമാക്കിയത്.
ചടയമംഗലം മണ്ഡലത്തിലെ ഉഗ്രംകുന്ന് സ്‌കൂള്‍ അമ്പലംകുന്ന് നെട്ടയം ബൂത്തുകളുടെ ചുമതലയുള്ള റൂട്ട് ഓഫീസറായിരുന്നു സുരേഷ് കുമാര്‍.
ഇവിടെ വോട്ടിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഉദ്യോഗസ്ഥര്‍ ബസില്‍ സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന കളക്ഷന്‍ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് വെളിയത്ത് വച്ച് സുരേഷ് കുമാര്‍ പെട്ടി വലിച്ചെറിഞ്ഞത്.
ബസില്‍ വച്ച് സുരേഷ്‌കുമാറിനോട് മുഖ്യ പോളിംഗ് ഓഫീസര്‍ ബിന്ദു മോക്ക് പോളിംഗ് ചെയ്ത വോട്ടിന്റെ 70 വിവിപാറ്റ് സ്‌ളിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ സീല്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വനിത ഉദ്യോഗസ്ഥയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന സുരേഷ് ഇതൊന്നും ഇനി ആവശ്യമില്ലെന്നു പറഞ്ഞ് പെട്ടി പുറത്തേയ്ക്ക് എറിയുകയായിരുന്നു.
എന്നാല്‍ സുരേഷിന്റെ അറിവ് ബാക്കി ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. മൂന്ന് മണിക്കൂര്‍ വെളിയം ഭാഗത്ത് തിരച്ചില്‍ നടത്തിയിട്ടും പെട്ടി കണ്ടെത്താനായില്ല.
ഇതിനിടയില്‍ സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, കളക്ടര്‍ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു. കാണാതായ പെട്ടി പിറ്റേ ദിവസം രാവിലെ ഒരു വീടിന്റെ ടെറസില്‍ നിന്നും ലഭിച്ചു.
എന്തായാലും സുരേഷല്ല മദ്യമാണിത് ചെയ്തതെന്നു പറയാം. എന്തായാലും മദ്യത്തിനെതിരേ നടപടി സ്വീകരിക്കാന്‍ കഴിയാത്തതു കൊണ്ട് പണികിട്ടിയതാവട്ടെ സുരേഷിനും.