പരസ്യ മദ്യപാനത്തെ ചോദ്യം ചെയ്തതിന്റെ പേരില് രാത്രിയില് വീട് തല്ലിത്തകര്ത്ത് മദ്യപ സംഘം. കോഴിക്കോട് എരഞ്ഞിക്കല് അമ്പലപ്പടി ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന സജിത്തിന്റെ വീടാണ് ആക്രമിച്ചത്.
ഇന്നലെ രാത്രി ഒമ്പതേ മുക്കാലോടെയായിരുന്നു സംഭവം. നാല് മാസത്തോളമായി വീടിന് സമീപത്ത് വെച്ച് മത്സ്യ വില്പ്പന നടത്തുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അവര് ആരോപിക്കുന്നു. മത്സ്യ വില്പ്പനയ്ക്ക് ശേഷം ഇവിടെ വച്ച് മദ്യപിക്കാറുണ്ടെന്നും വീട്ടുകാര് പറയുന്നു.
കഴിഞ്ഞ ദിവസം സജിത്ത് വീട്ടിലേയ്ക്ക് വരുന്ന വഴിക്ക് ഇത് ശ്രദ്ധയില് പെടുകയും സംസാരമുണ്ടാവുകയും ചെയ്തു.
തുടര്ന്നാണ് ഒരു സംഘം ആളുകള് രാത്രി സജിത്ത് വീട്ടില് നിന്ന് പുറത്ത് പോയ സമയത്ത് വീട്ടിലെത്തി അക്രമം നടത്തിയത്. അക്രമം നടക്കുമ്പോള് സജിത്തിന്റെ അമ്മ മാത്രമാണ് വീട്ടില് ഉണ്ടായിരുന്നത്.
കറന്റ് ഇല്ലാതിരുന്ന സമയത്താണ് സംഘം വീട്ടിലെത്തിയത്. തുടര്ന്ന് വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ശേഷം വാതില് ചവിട്ടിപ്പൊളിക്കാന് ശ്രമിച്ചുവെങ്കിലും നടന്നില്ല.
പിന്നീട് മുറ്റത്ത് നിര്ത്തിയിട്ടുണ്ടായിരുന്ന കാറിന്റെ ചില്ല് തല്ലി തകര്ത്തു. ബൈക്കും നിലത്തേക്ക് മറച്ചിട്ട് തകര്ക്കുകയും ചെയ്തു.
വീട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് കണ്ട്രോള് റൂം പോലീസ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയപ്പോഴാണ് അക്രമികള് അവിടെ നിന്നും പിന്വാങ്ങിയത്.