ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
വാഗമണ്‍ കോട്ടമല എല്‍പി സ്കൂളിലെ അധ്യാപകന് ടി ജി വിനോദിനെ (39) ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് വിനോദ്. ഇതിനു പിന്നാലെ അന്വേഷണവും സമ്മര്‍ദ്ദങ്ങളും താങ്ങാനാകാതെ സ്കൂള്‍ പ്രഥമാധ്യാപകന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഏലപ്പാറ സ്വദേശി പി രാമകൃഷ്ണന് (54) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നവംബര്‍ 14 ന് സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെയാണ് അധ്യാപകന് മദ്യപിച്ചെത്തിയത്. ഇത് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു.
ചോദ്യംചെയ്ത പിടിഎ പ്രസിഡന്റുമായി വാക്കേറ്റമുണ്ടാകുകയുംചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസിന്റെ എഫ്ഐആറും നല്‍കിയിട്ടും അധ്യാപകനെതിരേ അധികാരികള്‍ നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
അധ്യാപകന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഒരു വിഭാഗവും ശിക്ഷാ നടപടി വേണമെന്ന് മറ്റൊരു വിഭാഗവും പ്രഥമാധ്യാപകനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പ്രഥമാധ്യാപകന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതാണ് ഇദ്ദേഹത്തെ ഇത്തരമൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.