ചെറുതോണി: നാലുവർഷം മുന്പാണ് ഇടുക്കി പാറേമാവിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡോ. ജെ.ടി. ജയദേവ് (30) കരാറടിസ്ഥാനത്തിൽ നിയമിതനായത്.
രോഗികൾക്കും സഹപ്രവർത്തകർക്കും സഹോദരതുല്യനായ ഡോക്ടറുടെ വേർപാടിൽ ശോകമൂകമായിരിക്കയാണ് ജില്ലാ ആസ്ഥാനം.
ഡോക്ടറുടെ അപകടമരണം ഇനിയും ഇവർക്ക് വിശ്വസിക്കാനാകുന്നില്ല. ഇടുക്കിയിലെത്തി അധികം വൈകാതെതന്നെ ജനങ്ങളുടെ പ്രീതി നേടിയ യുവഡോക്ടറെയാണ് വാഹനാപകടത്തിലൂടെ നഷ്ടമായിരിക്കുന്നത്.
കഴിഞ്ഞ 22-ന് ഡോക്ടറുടെ പിതൃസഹോദര പുത്രനായ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ശരത് മാടമണ്ണിൽ പന്പാനദിയിൽ ബോട്ടപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞിരുന്നു.
സഹോദരന്റെ വേർപാടിനെതുടർന്ന് തിരുവനന്തപുരത്ത് കാട്ടാക്കടയിലെ വീട്ടിലേക്കുപോയ ഡോ. ജയദേവൻ 29-ന് രാത്രിയാണ് തിരികെ ഇടുക്കിക്കു വന്നത്.
തൊടുപുഴയിൽനിന്നും രാത്രി സ്വന്തം ബൈക്കിൽ ചെറുതോണിയിലെത്തിയ ഇദ്ദേഹം ഇടുക്കിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.
ചെറുപ്പംമുതൽ ഒന്നിച്ചു കളിച്ചും പഠിച്ചും വളർന്ന പിതൃസഹോദര പുത്രന്റെ വേർപാടിലുള്ള മനോവിഷമവും ഉറക്കക്ഷീണവുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു.
റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറിയ നിലിയിലാണ് വാഹനം നിന്നിരുന്നത്.
അപകടത്തിൽ ഡോക്ടറുടെ തല പോസ്റ്റിലിടിച്ചു. രാത്രി ഒന്നോടെയുണ്ടായ അപകടം വിജനമായ പാതയിൽ ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. അപകടസമയത്തുതന്നെ മരണം സംഭവിച്ചിരുന്നുവോയെന്നും വ്യക്തമല്ല.
സ്ഥലത്ത് പട്രോളിംഗ് നടത്തിയിരുന്ന ഇടുക്കി പോലീസാണ് റോഡകരികിൽ അപകടത്തിൽപെട്ടു കിടന്നിരുന്ന ഡോക്ടറെ കണ്ടത്. പോലീസ് അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സിന്റെ ആംബുലൻസിലാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കാട്ടാക്കടയിലെ ലക്ഷ്മിവിലാസം വീട്ടുവളപ്പിലെത്തിച്ച് സംസ്കരിച്ചു. നഴ്സായ ഗ്രീഷ്മയാണ് ഭാര്യ. ധ്യാൻ(4), ഗൗരി(2) എന്നിവരാണ് മക്കൾ.
ഡോക്ടർക്ക് കരാർ അടിസ്ഥാനത്തിലുള്ള ജോലിയായതിനാൽ അഞ്ചുദിവസത്തിൽ കൂടുതൽ ലീവെടുക്കാനാകുമായിരുന്നില്ല. ഇന്നലെ ജോലിചെയ്തിട്ട് തിരികെ കാട്ടാക്കടയ്ക്ക് പോകുന്നതിനാണ് ഇടുക്കിയിലെത്തിയിരുന്നത്.