ബംഗളൂരു: സ്വകാര്യചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പ്രതിശ്രുതവധുവിന്റെയും കൂട്ടുകാരുടെയും മര്‍ദനമേറ്റ ഡോക്ടര്‍ മരിച്ചു.
ചെന്നൈ സ്വദേശിയായ ഡോ.വികാസ് രാജന് (27) ആണ് മരിച്ചത്. പ്രതിശ്രുത വധു പ്രതിഭ, സുഹൃത്തുക്കളായ സുശീല്‍, ഗൗതം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റൊരു സുഹൃത്തായ സൂര്യക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. യുക്രെയ്നില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി ചെന്നൈയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന വികാസും ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായ ചെന്നൈ സ്വദേശിനി പ്രതിഭയും സാമൂഹ്യമാധ്യമങ്ങളിലൂടെയാണു പരിചയപ്പെട്ടത്.
പ്രണയം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് വരുന്ന നവംബറില്‍ ഇരുവരുടെയും വിവാഹം നടത്താന്‍ തീരുമാനിച്ചതായിരുന്നു.
ഇതിനിടെ വിദേശ തൊഴില്‍ നേടുന്നതിനുള്ള പരിശീലനത്തിനായി വികാസ് ബംഗളൂരുവിലെത്തുകയും ഇരുവരും ഒരുമിച്ച് കഴിയുകയുമായിരുന്നു.
ഇതിനിടെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്സ്റ്റഗ്രാമിലിട്ടതെന്ന് പറയുന്നു. മറ്റൊരു പേരില്‍ വ്യാജ അക്കൗണ്ട് തുറന്നാണു ചിത്രങ്ങളിട്ടത്.
യുവതിയുടെ അമ്മയുടെ ദൃശ്യങ്ങളും ഈ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായി പറയുന്നു.
കഴിഞ്ഞ 10നു വികാസിനെ യുവതിയുടെ സുഹൃത്തായ സുശീലിന്റെ വീട്ടിലെത്തിക്കുകയും യുവതിയും മറ്റു മൂന്നു പേരും ചേര്‍ന്ന് വടിയും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
അവശനിലയിലായ വികാസിനെ ഇവര്‍ തന്നെയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.